tree-danger-
ശബരി ബൈപ്പാസ് പാതയിൽ പനമ്പറ്റ കുരിശടിക്ക് സമീപം റോഡിൻ്റെ ഇരുഭാഗത്തുമായി തടികൾ കാട് മൂടി കിടക്കുന്നു

കുന്നിക്കോട് : ശബരി ബൈപ്പാസ് ഉൾപ്പെടുന്ന കുന്നിക്കോട്-പത്തനാപുരം പാതയോരത്ത് ഒരു വർഷം മുമ്പ് മുറിച്ചിട്ട വൻമരങ്ങളുടെ തടികൾ ഒഴിയാബാധയായി കിടക്കുന്നു. തടികൾ പാതയോരത്തുനിന്ന് മാറ്റുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പനമ്പറ്റ കുരിശടിക്കും കുണ്ടറപ്പടിക്കും മദ്ധ്യേയുള്ള റോഡിന്റെ ഇരു വശങ്ങളിലുമാണ് മുറിച്ചിട്ട മരത്തടികൾ ഉപേക്ഷിച്ച നിലയിലുള്ളത്.

നിലവിൽ കൂട്ടിയിട്ടിരിക്കുന്ന തടികൾക്ക് മീതെ കാട് മൂടി കിടക്കുകയാണ്. അതിനാൽ വാഹനയാത്രികർക്ക് തടികൾ പാതയോരത്ത് കിടക്കുന്നത് പെട്ടെന്ന് കാണാനാവുന്നില്ല. ഇതിന് പുറമേ ജനവാസ മേഖലയായതിനാൽ ഇഴജന്തുകളുടെയും മറ്റും ശല്യം രൂക്ഷമാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു.

ചിതലരിച്ച് നശിക്കുന്നു

യാത്രാ തടസം മാത്രമല്ല, വരുമാന നഷ്ടവുമുണ്ട്. പാഴ്മരങ്ങൾക്ക് പുറമേ വിലമതിക്കുന്ന തടികളും ഇതിന്റെ കൂട്ടത്തിലുണ്ട്. എന്നാൽ ഇവയെല്ലാം മഴയും വെയിലുമേറ്റ് ചിതലരിച്ച് നശിക്കുകയാണ്. മിക്ക തടികളും ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് തടികൾ ലേലം ചെയ്ത് നൽകിയാൽ സർക്കാരിന് വരുമാനം ലഭിക്കുന്നതിനോടൊപ്പം വഴിയാത്രികർക്ക് അപകടങ്ങൾ ഒഴിവാക്കി സുരക്ഷിതമായി യാത്ര ചെയ്യാനും കഴിയും.

മരങ്ങൾ മുറിച്ചിട്ട് ഒരു വർഷം പിന്നിടുന്നു

ശബരി ബൈപ്പാസിൽ മിക്ക വൻമരങ്ങളും അപകട ഭീഷണിയിലായിരുന്നു. പനമ്പറ്റയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുകളിൽ മരം വീണ് അപകടം സംഭവിച്ചതോടെയാണ് അധികൃതർ ഉണർന്നത്.അതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ പാതയോരത്തെ മരങ്ങൾ മുറിച്ച് മാറ്റി. എന്നാൽ മുറിച്ച് മാറ്റിയ മരച്ചില്ലകളും തടികളും റോഡിന്റെ വശത്ത് ഉപേക്ഷിക്കുകയായിരുന്നു. മരം മുറിച്ച് മാറ്റി ഒരു വർഷം പിന്നിട്ടിട്ടും അത് പാതയോരത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല.