തഴവ: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി - ഓച്ചിറ മേഖലകളിൽ മാത്രം വിറ്റഴിച്ചത് പതിനായിരക്കണക്കിന് രൂപയുടെ ചൈനീസ് പ്ലാസ്റ്റിക് പതാകകൾ. 30 രൂപ നിരക്കിൽ ഇന്ത്യൻ നിർമ്മിത ദേശീയപതാക പോസ്റ്റോഫീസ് വഴി ലഭ്യമാക്കുമെന്ന് തുടക്കത്തിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും പരിമിത എണ്ണം പതാകകളാണ് വിതരണത്തിനെത്തിയത്. തുടക്കം മുതൽ തന്നെ പോസ്റ്റോഫീസ് വഴിയുള്ള വിതരണം കാര്യക്ഷമമല്ലെന്ന് മനസിലായതോടെ മേഖലയിലെ പല സ്കൂൾ അധികൃതരും വിദ്യാർത്ഥികൾക്ക് അവരവരുടെ വീടുകളിൽ ഉയർത്തുന്നതിനായി ചൈനീസ് പതാക വാങ്ങി വിതരണം ചെയ്യുകയായിരുന്നു.

പ്ലാസ്റ്റിക് പതാകകൾ

കഴിഞ്ഞ ദിവസം ഭൂരിഭാഗം സ്ഥാപനങ്ങളിലും വീടുകളിലും നിരോധിത പ്ലാസ്റ്റിക് നിർമ്മിത പതാക ഉയർന്നതോടെ നിരവധി സാമുഹ്യ-സാംസ്കാരിക സംഘടനകളാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് തുണിയിൽ നിർമ്മിച്ച പതാകയ്ക്കായി കച്ചവട സ്ഥാപനങ്ങളിൽ പലരുമെത്തിയെങ്കിലും ലഭ്യമായില്ല,

ഖാദിയിൽ കൊല്ലുന്ന വില

സംസ്ഥാന ഖാദി ബോർഡിന്റെ നിയന്ത്രണത്തിലുള്ള കച്ചവട സ്ഥാപനങ്ങളിൽ പതാകയ്ക്ക് കൊല്ലുന്ന വിലയാണ് ഈടാക്കുന്നതെന്ന് വ്യാപകമായ പരാതിയാണ് ഉയർന്നത്. സാധാരണ വലുപ്പത്തിലുള്ള ഒരു പതാകയ്ക്ക് 385 രൂപയാണ് ഖാദി ബോർഡ് ഈടാക്കിയത്. വിലക്കുറവും ഭംഗിയും നോക്കി ഇറങ്ങിയതോടെ ഇന്ത്യൻ ദേശീയ പതാക ഇവിടെ ഉത്പാദിക്കുന്ന ഖാദി, കൈത്തറി കൊണ്ട് നിർമ്മിക്കുന്നതാണെന്ന കാര്യം പോലും പലരും മറന്നു പോയി.