 
കൊല്ലം : വടക്കേവിള ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയും വേൾഡ് മലയാളി കൗൺസിൽ കൊല്ലം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര ദിനാഘോഷം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
ഇന്ത്യ സ്വതന്ത്രയായ സമയത്ത് ജനങ്ങൾ അനുഭവിച്ചിരുന്ന പൗര സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇക്കാലത്ത് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ വെബ്സൈറ്റ് ഉദ്ഘടനവും നടന്നു. എഴുപത്തിയഞ്ചു വയസ് പിന്നിട്ട ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറിയും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. കെ. ശശികുമാറിനെ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ
എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഫ്രീഡം വാൾ പെയിന്റിംഗ് നടത്തിയ എൻ.എസ്.എസ് വോളന്റിയേഴ്‌സിനെ എം.പി അനുമോദിച്ചു.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഇൻ ചാർജ് സുജിത് സുകുമാരൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.സി.അനിതാശങ്കർ സ്വാഗതവും പ്രൊഫ. കെ. ശശികുമാർ മുഖ്യ പ്രഭാഷണവും നടത്തി. ഡോ. എസ്. രത്നകുമാർ വേൾഡ് മലയാളി കൗൺസിൽ പദ്ധതികൾ വിശദീകരിച്ചു. നൗഷാദ് യൂനുസ്, പ്രൊഫ. ടി.ജെ.അജയകുമാർ, കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് തുടങ്ങിയവർ സംസാരിച്ചു. നീൽ സാംസൺ ഡിക്രൂസ് നന്ദിയും പറഞ്ഞു.