 
കൊല്ലം: ഭാരതത്തിന് സ്വാതന്ത്ര്യ ലഭിച്ച സഹന പാത ഇന്നത്തെ ഭരണകർത്താക്കൾ വിസ്മരിക്കുന്നുവെന്ന് എ.ഐ.സി.സി നിർവാഹക സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ പറഞ്ഞു. രാജ്യം ഭരിക്കുന്ന ഭരണകർത്താക്കൾ ദേശീയ പതാകയെ അംഗീകരിക്കാത്തത് വേദനാജനകമാണ്. നമുക്ക് സ്വാതന്ത്യം നേടിത്തന്ന മഹാത്മക്കളെപ്പോലും ആർ.എസ്.എസും സി.പി.എമ്മും മറക്കുന്ന സാഹചര്യമാണുള്ളത്. നമ്മൾ ഒന്നാണ്, നമ്മുടേതാണ് ഭാരതം. ഈ സ്വതന്ത്യം നിധിപോലെ സൂക്ഷിക്കാൻ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു തുടങ്ങിയ മഹാന്മാരെ ഈ അവസരത്തിൽ സ്മരിക്കാമെന്നും അവർ പറഞ്ഞു. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (ആർ.എം.പി.ഐ) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച സ്വാതന്ത്യദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആർ.എം.പി.ഐ ജില്ലാ പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് ശിവറാം, വിനോദ് ബാഹുലേയൻ, ചക്കാലയിൽ നാസർ, കരിക്കോട് ദിലീപ്കുമാർ, കുരീപ്പുഴ ഷാനവാസ്, അമ്പലംകുന്ന് വി.അജയൻ, അമൽദേവ്, ഉളിയക്കോവിൽ സുരേഷ്, കല്ലട പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.