കൊല്ലം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ വൈകിട്ട് 4 മുതൽ ജില്ലയിലെ 400 കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

'സ്വത്വം വീണ്ടുടെക്കാം സ്വധർമ്മാചരണത്തിലൂടെ' എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. കൊല്ലം ടൗൺ, ശക്തികുളങ്ങര, ചാത്തന്നൂർ, പാരിപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, ചടയമംഗലം, പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ മഹാശോഭായാത്രകളാണ് നടക്കുന്നത്. ബാലഗോകുലം സംസ്ഥാന, മേഖലാ, ജില്ലാ ഭാരവാഹികളും പ്രമുഖവ്യക്തികളും പങ്കെടുക്കും. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ നിശ്ചല ദൃശ്യങ്ങളും, ഭജന സംഘങ്ങളും, ഗോപികാ നൃത്തവും, ഉറിയടിയും, ചെണ്ടമേളവും, പഞ്ചവാദ്യവും, ശോഭായാത്രയിലുണ്ടാകും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ശോഭായാത്രയിൽ കൃഷ്ണ - രാധ വേഷങ്ങളിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ജില്ലാ സ്വാഗത സംഘം ഭാരവാഹികളായ എൻ.എസ്. ഗിരീഷ് ബാബു, ഡോ. വി. ശശിധരൻപിള്ള, എസ്. വാരിജാക്ഷൻ, ജി. സുരേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.