 
കൊല്ലം : സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് കോൺഗ്രസ് ഇന്ത്യയ്ക്ക് നൽകിയ ദേശീയതയ്ക്ക് ലഭിക്കുന്ന അംഗീകാരമാണെന്ന് രമേശ് ചെന്നിത്തല. സ്വാതന്ത്ര്യ ദിനത്തിൽ മുൻകാലങ്ങളിൽ കരിങ്കൊടിയും കാവി കൊടിയും ഉയർത്തിയ വർഗീയ ഫാസിസ്റ്റുകളും ഇടതുപക്ഷക്കാരും ദേശീയ പതാക ഉയർത്തുമ്പോൾ തന്നെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും മറ്റ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ദേശീയ നേതാക്കളെയും തിരസ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ഉള്ളിടത്തോളം കാലം രാജ്യത്ത് ഇത് സാധിക്കുകയില്ലെന്നും ബി.ജെ.പി യും സി.പി.എമ്മും കാട്ടുന്നത് കപട ദേശീയ ബോധമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസാദി കി ഗൗരവ് യാത്രയുടെ ജില്ലാതല സമാപന സമ്മേളനം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം. പി, കെ. സി. രാജൻ നേതാക്കളായ പഴകുളം മധു, എം. എം. നസീർ, അഡ്വ.ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, പി. ജർമ്മിയാസ്, സൂരജ് രവി, എൽ. കെ. ശ്രീദേവി, ബിന്ദു ജയൻ, നടുക്കുന്നിൽ വിജയൻ, സൈമൺ അലക്സ്, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, എ.കെ.ഹഫീസ്, കെ.സുരേഷ്ബാബു, കൃഷ്ണവേണി ശർമ്മ, ജോർജ്ജ് ഡി. കാട്ടിൽ, എം.നാസർ, കോയിവിള രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വാളത്തുംഗൽ രാജഗോപാൽ, എസ്. ശ്രീകുമാർ, എം. എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, കുഴിയം ശ്രീകുമാർ, ആദിക്കാട് മധു, ആനന്ദ് തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.