ചവറ: ചവറ പൊലീസ് സ്റ്റേഷനിലെ ആംബുലൻസിന്റെ സേവനം പുനരാരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരത് പെട്രോളിയം നൽകിയ ആംബുലൻസ് കഴിഞ്ഞ മൂന്ന് മാസമായി കൊല്ലം എ.ആർ ക്യാമ്പിൽ ഉപയോഗിക്കാതെ കിടക്കുകയാണ്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന ദേശീയ പാത കടന്നു പോകുന്നത് ചവറ പൊലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 9 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അപകടത്തിൽപ്പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്നതാണ് മരണനിരക്ക് കൂട്ടുന്നത്. ക്യാമ്പിൽ കിടക്കുന്ന ആംബുലൻസ് ഉടൻ തന്നെ ചവറ സ്റ്റേഷനിലേക്ക് തിരികെ എത്തിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.രതീഷും പ്രസിഡന്റ് എൽ.ലോയിഡും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.