കൊല്ലം: സ്വാതന്ത്ര്യദിനത്തിൽ വൻ സംഘർഷ സാദ്ധ്യത സൃഷ്ടിച്ച് കോൺഗ്രസിന്റെ ആസാദി കി ഗൗരവ് യാത്രയും ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായുള്ള പ്രകടനവും മുഖാമുഖമെത്തി. കൊല്ലം എഫ്.സി.ഐ ഗോഡൗണിന് മുന്നിലാണ് ഇരുവിഭാഗങ്ങളും ഒരുമിച്ചെത്തിയത്. ഇരുകൂട്ടരും സംയമനം പാലിച്ചതുകൊണ്ട് സംഘർഷം ഒഴിവായി. അതേസമയം, കോൺഗ്രസിന്റെ പ്രകടനം മാത്രം തടസപ്പെടുത്താൻ ശ്രമിച്ചത് മാടൻനടയിലും ഹൈസ്കൂൾ ജംഗ്ഷനിലും സംഘർഷത്തിന് ഇടയാക്കി.
മാടൻനടയിൽ നിന്നും ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പദയാത്രകളായി ചിന്നക്കടയിലെത്തുന്ന തരത്തിലായിരുന്നു ആസാദി കി ഗൗരവ് യാത്രയുടെ സമാപനം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, വൈകിട്ട് അഞ്ച് മണിയോടെ പ്രകടനങ്ങൾ ഇരുസ്ഥലങ്ങളിൽ നിന്നും ആരംഭിച്ചതിന് പിന്നാലെ പൊലീസ് തടയുകയായിരുന്നു. ഇതിനെതിരെ ഹൈസ്കൂൾ ജംഗ്ഷനിൽ പ്രതിഷേധിച്ച എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണയ്ക്ക് നേരെ പൊലീസ് കൈയേറ്റം നടത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് പ്രകടനം അനുവദിക്കുകയായിരുന്നു. ഇതോടെയാണ് എഫ്.സി.ഐ ഗോഡൗണിന് മുന്നിൽ ഇരുകൂട്ടരും നേർക്കുനേർ എത്തിയത്. രണ്ടിടങ്ങളിലും പൊലീസ് ഇടപെട്ട് വൈകിപ്പിച്ചില്ലായിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പ്രകടനം മാത്രം തടഞ്ഞതെന്ന് പൊലീസുകാർ പറഞ്ഞു. രണ്ട് പ്രകടനങ്ങൾ ഏകദേശം ഒരേസമയം നടക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് മുൻകൂട്ടി ആലോചനകൾ ഉണ്ടായില്ലെന്നും അവർ തുറന്ന് സമ്മതിക്കുന്നു.
ചിന്നക്കടയിൽ ആസാദി കി ഗൗരവ് യാത്രയുടെ സമാപന സമ്മേളനം നടക്കുന്നതിനിടെ വൈദ്യുതി ബന്ധം തകരാറിലായതും പ്രവർത്തകരെ രോക്ഷാകുലരാക്കി. ബോധപൂർവ്വം വൈദ്യുതി വിച്ഛേദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
യാത്ര പൊളിക്കാൻ പൊലീസ്
ശ്രമം : പി. രാജേന്ദ്രപ്രസാദ്
സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആസാദി കി ഗൗരവ് യാത്രയുടെ ജില്ലാതല സമാപന സമ്മേളനം പൊളിക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആസൂത്രിത നീക്കം നടത്തിയതായി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.
പദയാത്രയുടെ സമാപനം കുറിച്ച് മാടൻനടയിൽ നിന്ന് ആരംഭിച്ച യാത്രയെ ഡി. വൈ. എഫ്. ഐ റാലിയുടെ പേരിൽ കപ്പലണ്ടി മുക്കിൽ പൊലീസ് തടയുകയും തുടർന്ന് റൂട്ട് മാറ്റി എസ്. എം. പി പാലസ് റോഡിലേക്ക് കടത്തിവിട്ട് റെയിൽവേ ഗേറ്റ് അടപ്പിച്ചു. കടവൂർപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര ഹൈസ്‌കൂൾ ജംഗ്ഷനിൽ തടഞ്ഞ് വച്ചു. രണ്ട് പദയാത്രകളും ചിന്നക്കടയിൽ എത്തരുതെന്ന സി.പി.എം നിർദ്ദേശം പാലിക്കാൻ ശ്രമിച്ച കമ്മിഷണർ പൊലീസ് സേനയ്ക്ക് അപമാനമാണ്. പദയാത്രയുടെ ജില്ലയിലെ മുഴുവൻ റൂട്ടും മുൻകൂട്ടി രേഖാമൂലം അറിയിച്ചിട്ടും യാതൊരു ക്രമീകരണവും നടത്താതെ നിരുത്തരവാദിത്തപരമായിട്ടാണ് കമ്മിഷണർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.