plus

 രണ്ടാം അലോട്ട്മെന്റിലും ഇഷ്ടവിഷയങ്ങൾ കിട്ടിയില്ല

കൊല്ലം: പ്ളസ് വൺ ഏകജാലക പ്രവേശനത്തിൽ രണ്ടാം അലോട്ട്മെന്റ് പൂർത്തിയായതോടെ ഇഷ്ടവിഷയത്തിനായുള്ള വിദ്യാർത്ഥികളുടെ കാത്തിരിപ്പ് നീളുന്നു. ഇനി മൂന്നാം അലോട്ട്മെന്റിലാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.

അടുത്ത തിങ്കളാഴ്ച മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 24ന് പ്രവേശന നടപടികൾ പൂർത്തിയാകും. ജില്ലയിൽ 30,534 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. 4091 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചിരുന്നു. 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചതുൾപ്പെടെ 29,284 പ്ളസ് വൺ സീറ്റുകളിലേക്കാണ് പ്രവേശന നടപടികൾ പുരോഗമിക്കുന്നത്.

സയൻസ് വിഷയങ്ങളോടാണ് കൂടുതൽ കുട്ടികൾക്കും താത്പര്യം. സയൻസ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വിഷയത്തിൽ പ്രവേശനം ലഭിച്ചില്ല. ഇഷ്ടമില്ലാതെ മറ്റ് വിഷയങ്ങൾ തിരഞ്ഞെടുത്തവരുമുണ്ട്. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ ഉൾപ്പെടാത്ത കുട്ടികൾ മൂന്നാം അലോട്ട്മെന്റിൽ കയറിപ്പറ്റുമോയെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.

എയ്ഡഡ് സ്കൂളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും പൂർത്തിയായി. ജില്ലയിൽ 138 സ്കൂളുകളിലാണ് ഹയർ സെക്കൻഡറി ഉള്ളത്. സർക്കാർ- 61, എയ്ഡഡ്- 55, അൺ എയ്ഡഡ്- 20, സ്പെഷ്യൽ സ്കൂളുകൾ- 1, റസിഡൻഷ്യൽ സ്കൂൾ- 1 എന്നിങ്ങനെയാണ് വിവിധ മേഖല തിരിച്ചുള്ള സ്കൂളുകൾ.

ഏകജാലകം വഴി ആകെ സീറ്റ് - 21,809

അലോട്ട് ചെയ്തത് - 18,650

അവശേഷിക്കുന്ന സീറ്റ് - 3159