 
കൊട്ടാരക്കര: എഴുകോൺ പഞ്ചായത്ത് സംഘടിപ്പിച്ച 'ഇല്ലം നിറ വല്ലം നിറ' കർഷകർക്കും കാഴ്ചക്കാർക്കും ആവേശമായി. പച്ചോല മെടഞ്ഞുണ്ടാക്കിയ വല്ലങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചപ്പോൾ അതിൽ പുന്നെല്ലിൻ കതിരാണ് ആദ്യമിട്ടത്. നാളീകേരവും ചേനയും കാച്ചിലും കുമ്പളങ്ങയും വെള്ളരിയും പടവലവും പയറും പാവലും പച്ചമുളകുമടക്കം പച്ചക്കറികൾ വല്ലങ്ങളിൽ നിറഞ്ഞു. വേറിട്ട ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കർഷകർ കുടുംബ സമേതമെത്തി റാലിയിലും പങ്കെടുത്തു. കാർഷിക ഉത്പന്നങ്ങൾ കൊണ്ട് നിറച്ച വല്ലങ്ങളുമായി പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പുത്തൂർ സായന്തനം ഗാന്ധിഭവനിലെത്തി. സായന്തനത്തിന് അന്നമൊരുക്കാനായി അവ കൈമാറി. സായന്തനത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാമച്ചൻ, അംഗങ്ങളായ സുഹർബാൻ, മഞ്ജുരാജ്, സുവർണ, കൃഷി അസിസ്റ്റന്റ് ഷീജ ഗോപാൽ, സായന്തനം ചീഫ് മാനേജർ ജി.രവീന്ദ്രൻ നായർ, ചീഫ് കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, വിനോജ് വിസ്മയ, രജിതാലാൽ, ശിവകുമാർ, ആർ.സി.സരിത എന്നിവർ സംസാരിച്ചു.