 
ചവറ : കാവനാട് ചന്തയിൽ മീൻ വാങ്ങാനെത്തുന്നവർ സർക്കസ് അറിഞ്ഞിരിക്കണം. മീൻ കച്ചവടം നടത്തുന്ന സ്ഥലത്തെത്തണമെങ്കിൽ ഓടയുടെ മുകളിൽ വിരിച്ച ഇരുമ്പ് ഗ്രില്ലിലൂടെ വീഴാതെ നടന്നു ചെല്ലണം. തുരുമ്പെടുത്ത് നശിച്ച ഗ്രില്ലിലൂടെ അതിസാഹസികമായി മീൻ വാങ്ങാനെത്തുന്ന പലരും ഓടയിലേക്ക് വീഴുന്ന കാഴ്ച ഇവിടെ പതിവാണ്. കൊല്ലം കോപ്പറേഷന്റെ അധീനതയിലുള്ള മാർക്കറ്റിനാണ് ഈ ശോചനീയാവസ്ഥ.
അധികൃതരുടെ അലംഭാവം
കാവനാട് ചന്തയുടെ സ്ഥിതി വളരെ പരിതാപകരമാണ്. ഓടയ്ക്ക് സമാന്തരമായി പാകിയിട്ടുള്ള ഇരുമ്പ് ഗ്രില്ലുകൾ മിക്കതും തുരുമ്പെടുത്ത് ദ്രവിച്ചിട്ട് വർഷങ്ങളായി. രാത്രിയിൽ മീൻ വാങ്ങാൻ ആരും തന്നെ ചന്തയിലേക്ക് എത്താറില്ല. രാത്രി വൈകിയും കച്ചവടം നടന്നിരുന്നചന്തയിൽ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുകയാണ്. എന്നാൽ കോർപ്പറേഷന് അടയ്ക്കേണ്ട തുക പിരിക്കാൻ ആളുകൾ കൃത്യമായി എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
പ്രായമായവർ ഉൾപെടെ നിരവധി ആളുകൾ മീൻ വാങ്ങാൻ എത്താറുണ്ട്. പലരും ഓടയിൽ വീണ് കാലും കൈയ്യും ഒടിയുന്ന കാഴ്ചയാണ്. കച്ചവടക്കാരായ ഞങ്ങൾക്ക് ഇത് ഏറെ വിഷമമുണ്ടാക്കുന്നുണ്ട്.
മേരി ,മത്സ്യകച്ചവടക്കാരി