 
കൊല്ലം: ശക്തികുളങ്ങര കുളക്കുടി ഭദ്റദേവി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിലെ ഒരുലക്ഷം രൂപ വിലവരുന്ന അഞ്ച് അടിയോളം ഉയരമുള്ള ആമവിളക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. ശക്തികുളങ്ങര പനമശ്ശേരിയിൽ മുല്ലശ്ശേരി വടക്കതിൽ വൈഷ്ണവ്(18), മന്നേടത്ത് വടക്കതിൽ അജിത്ത് (40) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ വിളക്ക് കടത്തിയതായി വിവരം ലഭിക്കുകയും അജിത്തിന്റെ ഓട്ടോറിക്ഷയാണെന്ന് കണ്ടെത്തുകയും ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര സബ് ഇൻസ്‌പെക്ടർ ഐ.വി. ആശയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജഹാൻ, ജോസഫ് എ.എസ്.ഐമാരായ, ഡാർവിൻ, പ്രദീപ്, വസന്തൻ, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒമാരായ ശ്രീലാൽ, അനിൽ, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.