 
കൊല്ലം: മഴയെ പഴിച്ചവർ ഇപ്പോൾ മിഴിച്ചുനിൽക്കുകയാണ്. തകർന്ന റോഡുകൾ നന്നാക്കാൻ തടസം മഴയെന്നായിരുന്നു ഇതുവരെ നിരത്തിയ ന്യായം. മഴ മാറിയിട്ടും പൈപ്പ് ഇടാൻ വേണ്ടി വെട്ടിക്കുഴിച്ച റോഡുകളൊന്നും ഇതുവരെ നന്നായില്ല. ആരംഭിച്ച ജോലികൾക്കാകട്ടെ വേഗതയുമില്ല.
മഴ മാറിയാലുടൻ വെട്ടിപ്പൊളിച്ച എല്ലാ റോഡുകളും റെഡിയാക്കുമെന്ന് പ്രഖ്യാപിച്ചവർക്ക് ഇപ്പോൾ ഉത്തരംമുട്ടിയ അവസ്ഥയാണ്.
ഫാത്തിമ മാതാ കോളേജ് വരെ റോഡിന്റെ വെട്ടിക്കുഴിച്ച ഭാഗം ടാർ ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കിയതാണ് ആകെ ആശ്വാസം. മാസങ്ങളായി നാട്ടുകാർക്ക് ബാദ്ധ്യതയായി മാറിയ അയത്തിൽ- ചെമ്മാൻമുക്ക് റോഡിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതല്ലാതെ കാര്യമായ പുരോഗതിയില്ല.
പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ മണ്ണിട്ടു നികത്തി മിറ്റൽ നിരത്തുക വരെ ചെയ്തു. അമ്മ നട മുതൽ മണിച്ചിത്തോടു വരെയുളള ഭാഗത്ത് മിറ്റലിംഗ് ജോലികൾ നടത്തിയിട്ടുമില്ല. ഈ ഭാഗം നിറയെ കുഴികളാണ്. മിറ്റലിട്ട ഭാഗം ഉറച്ചിട്ടുമില്ല. വാഹന യാത്ര ഇപ്പോഴും ദുഷ്കരമായി തന്നെ തുടരുകയാണ്. ആറു മാസത്തിലധികമായി മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡ് നാട്ടുകാർക്ക് ദുരിതമാകാൻ തുടങ്ങിയിട്ട്. മഴക്കാലത്ത് റോഡിലെ ചെളിയായിരുന്നു തലവേദന. കണ്ണൊന്നു തെറ്റിയാൽ ചെളിക്കുണ്ടിൽ വീഴാവുന്ന സ്ഥിതി. നിരവധി യാത്രക്കാർക്ക് ചെളിക്കുഴിയിൽ വീണ് പരിക്കു പറ്റി. റോഡരികിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലായി. കച്ചവടമില്ലാതെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തുറന്നിരുന്നിട്ടും കാര്യമില്ല. ആ ചെളിയും ചവിട്ടി ആര് വരാനാ. മഴ മാറിയതോടെ പൊടിശല്യവും രുക്ഷമായി.
.................................
ഒരുപാട് നാളായി സഹിക്കുന്നു. മഴക്കാലത്ത് ചെളിക്കുണ്ട്. വേനലിൽ പൊടിശല്യം. റോഡിന്റെ ടാറിംഗ് ജോലികൾ എത്രയും വേഗം പൂർത്തിയാക്കണം.
നാട്ടുകാർ