
കൊല്ലം: ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി അടുത്ത 7ന് കന്യാകുമാരിയിൽ നിന്ന് ജമ്മുകാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ ഡി.സി.സിയിൽ ചേർന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
145 ദിവസമാണ് യാത്ര. രാഹുൽ ഗാന്ധിയോടൊപ്പം ഇരുപത്തിയ്യായിരത്തോളം യാത്രക്കാർ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. കേരളത്തിൽ പത്തൊമ്പത് ദിവസമാണ് യാത്ര. യാത്ര വിജയമാക്കാൻ പ്രവർത്തകരുടെ കൂട്ടായ യത്‌നവും പൂർണസഹകരണവും വേണം.
കോൺഗ്രസിന്റെ ദേശീയ മുന്നേറ്റത്തിന് കരുത്തുപകരുന്നതാകും ഭാരത് ജോഡോ യാത്രയെന്ന് തുടർന്ന് സംസാരിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധികുടുംബം ഇത്തരം യാത്ര നടത്തുന്നത് ആദ്യമാണ്. അതിനാൽ യാത്രയ്ക്ക് അത്രക്ക് ദേശീയപ്രാധാന്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി പദയാത്രയുടെ വിശദാംശങ്ങൾ അറിയിച്ചു. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ നേതാക്കന്മാരായ കെ.സി.രാജൻ, ഡോ.ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, എൻ.അഴകേശൻ, എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, ആർ.ചന്ദ്രശേഖരൻ, എ.കെ.ഹഫീസ്, എഴുകോൺ നാരായണൻ, മോഹൻ ശങ്കർ, കെ.ബേബിസൺ, പി.ജർമ്മിയാസ്, എൽ.കെ.ശ്രീദേവി, സൂരജ് രവി, ആർ.രാജശേഖരൻ, കെ.സുരേഷ് ബാബു നടുക്കുന്നിൽ വിജയൻ, തൊടിയൂർ രാമചന്ദ്രൻ, ബിന്ദുജയൻ, ആർ.അരുൺ രാജ്, ഗീത ശിവൻ, കെ.ജി.രവി തുടങ്ങിയവർ സംസാരിച്ചു.
സെപ്തംബർ14ന് രാവിലെ 8ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ട്‌കോണത്ത് യാത്ര എത്തിച്ചേരും. യാത്രയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. ജാഥ വിജയിപ്പിക്കാൻ പി.രാജേന്ദ്രപ്രസാദ് (ചെയർമാൻ) കെ.സി.രാജൻ (കോ- ഓർഡിനേറ്രർ), ബിന്ദുകൃഷ്ണ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ എക്‌സി. കമ്മിറ്റിയും, 501 അംഗ ജനറൽ കമ്മിറ്റിയും രുപീകരിച്ചു.