 
ചാത്തന്നൂർ: കർഷകദിനത്തിൽ 200 കൃഷിയിടങ്ങളിലേക്ക് നവാഗതരുടെ വിളയിറക്ക്. ചിറക്കര കൃഷിഭവൻ പരിധിയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭൂവിസ്തൃതിയുടെ നിബന്ധനകളില്ലാതെ കൃഷിയിലേക്ക് വരാനും ഒരു തൈയ്യെങ്കിലും നടാനും ആഗ്രഹിക്കുന്ന ആർക്കും ഇതിലേക്ക് വരാം. ഏറ്റവും നന്നായി കൃഷി ചെയ്യുന്നവരെ ഉചിതമായ വേദിയിൽ ആദരിക്കും. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കൃഷിഭവനിൽ നിന്ന് ലഭിക്കും. ഏത് കൃഷിയും വ്യക്തിപരമായോ കൂട്ടായ്മകളായോ ചെയ്യാവുന്നതാണ്.
ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ പദ്ധതി ഉദ്ഘാടനം കണ്ണേറ്റ വാർഡിലെ തേമ്പ്രയിൽ പച്ചക്കറിത്തൈകൾ നട്ട് നിർവഹിച്ചു. വഴുതന, വെണ്ട, പയർ, മുളക്, ചീര എന്നിവയാണ് ശിവശക്തി ജെ.എൽ.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇവിടെ കൃഷി ചെയ്യുന്നത്. ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ദേവദാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സുദർശനൻ പിള്ള, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഉളിയനാട് ജയൻ, വിനിതാ ദിപു, ദിലീപ് ഹരിദാസൻ, മേരി റോസ്, പി. സുചിത്ര, കൃഷി അസിസ്റ്റന്റ് രാജേഷ്.ആർ, അസി. കൃഷി ഓഫീസർ ജെ. ഉണ്ണികൃഷ്ണ പിള്ള ,ഫീൽഡ് അസി. ജി.എസ്. സന്ധ്യ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കൃഷി ദർശൻ വിളംബര ജാഥയും നടന്നു. മികച്ച 10 കർഷകരെ ആദരിച്ചു. ജി.എസ്സ്. ജയലാൽ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി അധ്യക്ഷത വഹിച്ചു.