കൊല്ലം: മാന്ത്രിക മോതിരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന വ്യാജ പരാതി ഒത്തുതീർപ്പാക്കാൻ വൻതുക ആവശ്യപ്പെട്ട് തന്നെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി കെ.എസ്.യു ജില്ലാ നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, ഭാരവാഹികളായ ഗോകുൽ തങ്കച്ചൻ, നസ്മൽ കലതിക്കാട് എന്നിവർക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണുസുനിൽ പന്തളം കൊല്ലം വെസ്റ്റ് പൊലീസിന് പരാതി നൽകിയത്.

വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതി: വിഷ്ണു വിജയനും കൗശികും അഭിഭാഷകരായി തന്റെ ഓഫീസിലാണ് നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നത്. ഇവരുടെ പ്രവർത്തന രീതികളിൽ അനിഷ്ടം തോന്നിയതിനെ തുടർന്ന് ഓഫീസ് മാറാൻ ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ വിഷ്ണു വിജയനും കൗശികും മറ്റ് രണ്ട് പേരുമായി ചേർന്ന് തനിക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകി. മാന്ത്രിക മോതിരം നൽകാമെന്ന് പറഞ്ഞ് താനും മാതാവും ചേർന്ന് ഗോകുൽ കൃഷ്ണയിൽ നിന്ന് രണ്ട് തവണയായി 50000 രൂപ വാങ്ങിയെന്നായിരുന്നു പരാതി. തന്നെ അപകീർത്തിപ്പെടുത്താൻ ഈ വ്യാജ പരാതിയുടെ പകർപ്പുകൾ പലയിടങ്ങളിലും വിതരണം ചെയ്തു. അതിന് ശേഷം അഞ്ച് ലക്ഷം രൂപ നൽകിയാൽ പരാതി പിൻവലിക്കാമെന്നും അല്ലെങ്കിൽ മാദ്ധ്യമങ്ങളിൽ വാർത്തയാകുമെന്നും പറഞ്ഞ് എതിർകക്ഷികൾ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി. തുടർന്ന്,​ ഈമാസം 15ന് വിഷ്ണുവിജയൻ ഇന്നോവ കാറിന്റെ തന്റെ വീടിന് മുന്നിലെത്തി. പണം നൽകിയില്ലെങ്കിൽ തട്ടിപ്പുകാരായി ചിത്രീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം തന്റെ മാതാവിന്റെ ഷാളിൽ പിടിച്ചുവലിച്ച് അശ്ലീല ആംഗ്യങ്ങൾ കാട്ടി. പിന്നീട് മകനെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി.

രണ്ട് ദിവസത്തിന് ശേഷം വിഷ്ണു വിജയനുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് പറഞ്ഞ് അജ്ഞാതൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതിനിടയിൽ വിഷ്ണുവിജയനും പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തന്റെ കുടുംബത്തെയും ആക്രമിക്കുമെന്ന് പറഞ്ഞ് മറ്റ് ചിലർ മുഖേന ഭീഷണിപ്പെടുത്തിയതായും വിഷ്ണു സുനിലിന്റെ പരാതിയിൽ പറയുന്നു.

വ്യാജപരാതിയിലും അന്വേഷണം വേണം

മാന്ത്രിക മോതിരം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന തനിക്കെതിരെയുള്ള വ്യാജപരാതിക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്നും വിഷ്ണുസുനിലിന്റെ പരാതിയിൽ പറയുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെതിരെ കൊല്ലം വെസ്റ്റ് പൊലീസിലും കൊല്ലം ബാർ അസോസിയേഷനിലും അടുത്ത കാലത്ത് മറ്റൊരാളും പരാതി നൽകിയിട്ടുണ്ട്. ഈ സംഘത്തിലെ ഒരാൾ മലബാർ ഗോ‌ൾഡിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതിയായ സ്ത്രീയിൽ നിന്ന് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയാണ്. മറ്റൊരാൾ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ നഗരത്തിലെ ഒരു ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതിയാണ്.

'' മോതിരത്തിന്റെ കേസ് പൈസ കൊടുത്ത് സെറ്റിൽ ചെയ്യണം. അല്ലെങ്കിൽ പത്രങ്ങളിലൊക്കെ നാളെ കഴിയുമ്പോൾ കേറും ''

(കെ.എസ്.യു നേതാവിന്റെ ഭീഷണി സന്ദേശം)