കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിന്റെ ഭാഗമായി എ.ആർ ക്യാമ്പ് ആർ.ഒ.ബി വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. 23ന് വൈകിട്ട് മുതലാണ് നിയന്ത്രണം. മൂന്ന് ദിവസം കൊണ്ട് പണികൾ തീർക്കുമെന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നതെങ്കിലും നിയന്ത്രണം നീളാനാണ് സാദ്ധ്യത. കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്ന് ഡി.സി.സി ഓഫീസിന് സമീപത്തെത്തി അവിടെ റോഡ് മുറിച്ചുകടക്കുന്ന രീതിയിലാണ് പൈപ്പുകൾ സ്ഥാപിക്കേണ്ടത്. ഇതിന്റെ പ്രവൃത്തികളാണ് ആരംഭിക്കുന്നത്.
പല കാരണങ്ങളാൽ ഒരു വർഷത്തിൽ ഇത് മൂന്നാം തവണയാണ് ആർ.ഒ.ബിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അറ്റകുറ്റ പണികൾക്കായാണ് നേരത്തെ രണ്ടുതവണ പാലം അടച്ചിട്ടത്. നഗര ഗതാഗതത്തിൽ നിർണായക സ്ഥാനമുള്ള പാലം നേരത്തെ അടച്ചിട്ടപ്പോൾ പകരം സംവിധാനമില്ലാത്തതിനാൽ നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണുണ്ടായത്.
നഗരത്തിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ചിന്നക്കട, കൊച്ചുപിലാംമൂട്, ആർ.ഒ.ബി, എ.ആർ ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ റോഡിലെ യാത്രയും അന്ന് ദുരിതത്തിലായിരുന്നു. ഈ റൂട്ട് ഒഴിവാക്കിയതിനാൽ ബസുകൾ മൂന്ന് തവണ ട്രാഫിക്ക് റൗണ്ടിന് സമീപത്ത് എത്തേണ്ടി വരുന്ന സാഹചര്യവുമുണ്ടായിരുന്നു. ചെമ്മാൻമുക്ക്- അയത്തിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ആ ഭാഗത്ത് 31 വരെ ഗതാഗത നിയന്ത്രണം നിലവിലുണ്ട്. കണ്ണനല്ലൂർ ഭാഗത്തുനിന്നുള്ള യാത്രക്കാരിൽ ഭൂരിഭാഗവും കല്ലുംതാഴം കടപ്പാക്കട റോഡാണ് ഉപയോഗിക്കുന്നത്. ആർ.ഒ.ബി വഴി റെയിൽവേ സ്റ്റേഷൻ, കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ ചിന്നക്കടയിൽ നിന്ന് അയത്തിൽ ഭാഗത്തേക്ക് സർവീസ് നടത്താനും ബുദ്ധിമുട്ടാകും.
ചിന്നക്കട റൗണ്ടിൽ തിരിയാൻ കഴിയണം
ബീച്ച്, ക്ലോക്ക് ടവർ ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ടിൽ തിരിയാൻ കഴിയുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാൻ കഴിയും. നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കൃത്യമായ സിഗ്‌നൽ ക്രമീകരണത്തിലൂടെ വിജയകരമാക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നേരത്തെ സിഗ്നൽ ക്രമീകരണം ഏർപ്പെടുത്തിയെങ്കിലും ഒറ്റ ദിവസം മാത്രമാണ് അവ പ്രവർത്തിച്ചത്. നിലവിൽ ക്ളോക്ക് ടവർ ഭാഗത്ത് നിന്നുള്ളവ കോൺവെന്റ് ജംഗ്‌ഷനിലെത്തി യു ടേൺ തിരിഞ്ഞ് ഓവർ ബ്രിഡ്ജ് കയറി അഞ്ചുമുതൽ ഏഴ് മിനിട്ട് വരെ ചെലവഴിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തേണ്ടത്. എസ്.എം.പി റെയിൽവേ ഗേറ്റ് വഴിയാണെങ്കിൽ ഈ യാത്രയ്ക്ക് ഒരു മിനിട്ട് മാത്രം മതിയാകും. റൗണ്ട് തിരിയേണ്ട സാഹചര്യമാണെങ്കിൽ കേവലം നാലു മിനിട്ട് മാത്രമായിരിക്കും പരമാവധി ചെലവഴിക്കേണ്ടി വരിക.
നിയന്ത്രണം 23 മുതൽ
23ന് രാത്രി 9 മുതൽ ആരംഭിച്ച് 26ന് രാവിലെ 6ന് പൂർത്തിയാകുന്ന തരത്തിൽ മുഴുവൻ സമയ പ്രവൃത്തികൾ നടത്താനാണ് ജലവിഭവ വകുപ്പിന്റെ ശ്രമം. പൈപ്പിടൽ പ്രവൃത്തികളുടെ ഭാഗമായി 23 മുതൽ 26 വരെയാണ് ഗതാഗത നിയന്ത്രണം.