 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, കൊല്ലം മേഖലകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രഹത് സേവാ പരിഷത്ത് ഡോ.ആതിരാ രാജൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികം കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥിനിയായ എ.ആർ.ഗായത്രിക്ക് ബ്രഹത് സേവയുടെ ട്രസ്റ്റ് ചെയർമാൻ ഡോ.വി.രാജൻ, ഡോ.എസ്.രുഗ്മിണി, അക്ഷയ് എന്നിവർ ചേർന്ന് 5 സെന്റ് ഭൂമിയുടെ പ്രമാണം കൈമാറി. വിവിധ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 15വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും കിടപ്പുരോഗികൾക്കും മറ്റു രോഗികൾക്കുമുള്ള സാമ്പത്തിക സഹായവും പുള്ളിമാൻ ലൈബ്രറിക്കുള്ള സാമ്പത്തിക സഹായവും ശാന്തിതീരം പുവർഹോമിലേക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണവും നടത്തി. യോഗത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ജി.എച്ച്.എസ്.എസ് പ്രൻസിപ്പൽ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, ആർ.രവീന്ദ്രൻപിള്ള, സി.രാധാകൃഷ്ണൻ , കൺസ്യൂമർ ഫെഡ് മുൻ എം.ഡി എസ്.രത്‌നകുമാർ, റോട്ടറി ക്ലബ് പ്രസിഡന്റ് സാംതോമസ്, ഓച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ അജ്മൽ, ആർ.വി.എസ്.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ മായ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ശ്രീലത, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് കെ.ജെ.മേനോൻ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ചന്ദ്രശേഖരൻ, പി.എൻ.ആർ.എ രക്ഷാധികാരി സാദത്ത് ലബ്ബ എന്നിവർ പ്രസംഗിച്ചു. ഡോ.രുഗ്മിണി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രഹത് സേവാചെയർമാൻ ഡോ.വി. രാജൻ സ്വാഗതവും ബി. ഇന്ദിര നന്ദിയും പറഞ്ഞു.