mannankuzhi-
കാര്യറ മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം

കുന്നിക്കോട് : മണ്ണാങ്കുഴിയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ ആവശ്യത്തിന് ഫണ്ടില്ല. റെയിൽവേ അധികൃതർ ഡി.പി.ആർ തയ്യാറാക്കി വിളക്കുടി ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നിർമ്മാണത്തിനുള്ള ഫണ്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡി.പി.ആർ. പ്രകാരം 4.35 കോടി രൂപയാണ് റെയിൽവേ മേൽപ്പാലം നിർമ്മിക്കാൻ ആവശ്യം. കഴിഞ്ഞ മേയിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് നടന്ന സർവകക്ഷിയോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഒരു കോടി രൂപയും കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഒന്നര കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് തങ്ങളുടെ ഫണ്ട് വിഹിതത്തിൽ നിന്ന് നൽകാമെന്ന് പറഞ്ഞു. ശേഷം ആവശ്യം വരുന്ന 1.85 കോടി രൂപ ത്രിതല പഞ്ചായത്തുകളിൽ നിന്ന് കണ്ടെത്തണമെന്നായിരുന്നു തീരുമാനിച്ചത്. ജനുവരിയായാൽ ഫണ്ട് മാറ്റി ചെലവഴിക്കും മാസങ്ങൾ പിന്നിട്ടിട്ടും ബാക്കി ആവശ്യമായിട്ടുള്ള തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വർഷം ഡിസംബറിന് മുമ്പ് മറ്റ് ഫണ്ടുകൾ ശരിയായെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക താൻ നൽകുകയുള്ളുവെന്ന് കെ.ബി.ഗണേശ് കുമാർ എം.എൽ.എ പറഞ്ഞു.കൂടാതെ 2023 ജനുവരിയോടെ തന്റ് ഫണ്ട് മേൽപ്പാല നിർമ്മാണത്തിന് നൽകാതെ മാറ്റി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണച്ചെലവ് കൂടി മേൽപ്പാല നിർമ്മാണത്തിന് ആദ്യം 3.25 കോടി രൂപയെന്നാണ് റെയിൽവേ അധികൃതർ ഏസ്റ്റിമേറ്റിൽ പറഞ്ഞത്. എന്നാൽ വിളക്കുടി ഗ്രാമപഞ്ചായത്ത് 6.80 ലക്ഷം രൂപ റെയിൽവേയ്ക്ക് നൽകി ഡി.പി.ആർ തയ്യാറാക്കിയപ്പോൾ നിർമ്മാണ തുക 4.35 കോടി രൂപയായി ഉയർന്നു. റെയിൽവേ മാനദണ്ഡ പ്രകാരം മുമ്പത്തെ തുകയുടെ കൂടെ 30 ശതമാനം മെയിന്റനൻസ് തുക കൂടി ചേർത്തപ്പോഴാണ് നിർമ്മാണ തുകയിൽ വർദ്ധനവുണ്ടായത്. കൂടാതെ മുഴുവൻ തുകയും ഒറ്റത്തവണയായി റെയിൽവേയ്ക്ക് കൈമാറിയാൽ മാത്രമേ മേൽപ്പാല നിർമ്മാണം തുടങ്ങുകയുള്ളൂ. ഈ തുക കണ്ടെത്താനായിട്ടുള്ള പരക്കം പാച്ചിലിലാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് ഭരണസമിതി.