കരുനാഗപ്പള്ളി: കന്നേറ്റി കായലിൽ ആർപ്പോ വിളി ഉയരാൻ ഇനി ചതയദിനം വരെ കാത്തിരിക്കാം. ശ്രീനാരായണ ട്രോഫി ജലോത്സവത്തിനുള്ള പ്രാരംഭ ഒരുക്കങ്ങൾക്ക് തുടക്കമായി. കന്നേറ്റിക്കായലിന്റെ നെട്ടായത്തിൽ ഇക്കുറി ചുണ്ടൻവള്ളങ്ങളും തെക്കനോടി, ഇരുട്ടുകുത്തി , വെപ്പ് വിഭാഗങ്ങളിൽ പെട്ട വള്ളങ്ങളും മത്സരങ്ങളിൽ മാറ്രുരയ്ക്കും. ചന്തക്കായലിൽ നിന്ന് തെക്കോട്ട് 1200 കിലോമീറ്റർ ദൈർഘ്യത്തിലാണ് നെട്ടായം. മൂന്ന് വള്ളങ്ങൾ വീതമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങൾ സന്ധ്യയോടെ സമാപിക്കും. ശ്രീനാരായണ ട്രോഫി കരസ്ഥമാക്കുന്ന വള്ളത്തിലെ കായിക താരങ്ങൾ വർണാഭമായ ഘോഷയാത്രയോടെയാണ് ഫിനിഷിംഗ് പോയിന്റ് വിട്ടിറങ്ങുന്നത്. മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ചുണ്ടൻ വള്ളത്തിന് പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയാണ് നൽകുന്നത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനും കന്നേറ്റി ജനകീയ സമിതിയും സംയുക്തമായാണ് വള്ളംകളി നടത്തുന്നത്. യൂണിയന്റെ സാമ്പത്തിക സഹായവും വള്ളം കളിക്ക് ലഭിക്കുന്നു. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹായം ലഭിക്കുന്നുണ്ട്. കരുനാഗപ്പള്ളി നഗരസഭ ചവറ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തുകൾ, പന്മന ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളും ജലോത്സവത്തിൽ കണ്ണികളാവും.

കൊതിമുക്ക് വട്ടക്കായലിൽ തുടങ്ങി

83 വർഷങ്ങൾക്ക് മുമ്പ് ഒരു പറ്റം ചെറുപ്പക്കാരാണ് കൊതിമുക്ക് വട്ടക്കായലിൽ ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ വള്ളംകളിക്ക് തുടക്കമിട്ടത്. അന്നത്തെ ചെറുവള്ളങ്ങൾ ഉപയോഗിച്ചാണ് വള്ളം കളി സംഘടിപ്പിച്ചത്. പിന്നീട് ദേശീയപാതയുടെ ഓരത്തുകൂടി കടന്ന് പോകുന്ന പള്ളിക്കലാറ്റിലേക്ക് വള്ളം കളി മാറ്റി.

ഇരുട്ടുകുത്തി വിഭാഗത്തിൽപ്പെട്ട കണ്ണാടിമൂക്കം, അഷ്ടപദി, തൈച്ചിറ ഓടി, കാട്ടിൽതെക്ക, കമ്പനി, ചെല്ലിക്കാടൻ എന്നീ വള്ളങ്ങളാണ് ആദ്യഘട്ടങ്ങളിൽ പങ്കെടുത്തിരുന്നത്. നിലവിൽ കാരിച്ചാൽ, കല്ലുപറമ്പൻ, ശ്രീഗണേശ്, ദേവസ്, ജവഹർ തായങ്കരി, ചമ്പക്കുളം തുടങ്ങി നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളാണ് ശ്രീനാരായണ ട്രോഫി ജലോത്സവത്തിലും പങ്കെടുക്കുന്നത്

നേതൃനിരയിൽ

സി.ആർ.മഹേഷ് എം.എൽ.എ ചെയർമാനും ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ചീഫ് കോ -ഓർഡിനേറ്ററും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു കൺവീനറും എസ്.പ്രവീൺകുമാർ ജനറൽ ക്യാപ്ടനുമായുള്ള ജനകീയ കമ്മിറ്രിയാണ് വള്ളംകളിക്ക് നേതൃത്വം നൽകുന്നത്.