കൊല്ലം: കടലും കടൽത്തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി സംസ്ഥാനത്തെ മറ്റ് തീരദേശ ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തിൽ 2017ൽ ആരംഭിച്ച പദ്ധതി വിജയിച്ചതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രാരംഭഘട്ടത്തിൽ 5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.വിവിധ സന്നദ്ധ സംഘടനകൾ, പി.എസ്.യു, എൻ.എസ്.എസ്, എൻ.സി.സി, ഹരിതകർമ്മ സേന, കുടുംബശ്രീ, യൂത്ത് ക്ലബുകൾ, സാഫ്, എൻ.ആ.ർഇ.ജി.പി,ഡ്രൈവർ, മത്സ്യത്തൊഴിലാളി, ബോട്ട് ഉടമ അസോസിയേഷനുകൾ, കടലോര ജാഗ്രതാ സമിതികൾ, ശുചിത്വ മിഷൻ, നെഹ്റു യുവ കേന്ദ്ര, വിദ്യാർത്ഥി യൂണിയനുകൾ, ക്ലീൻ കേരള മിഷൻ, സംസ്ഥാന യൂത്ത് മിഷൻ തുടങ്ങിയ സംഘടനകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വോളണ്ടിയർമാരാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്.
ശുചിത്വ സാഗരം സുന്ദര തീരം
പ്ലാസ്റ്റിക് മാലിന്യം തുടച്ചു നീക്കുക ലക്ഷ്യം
മത്സ്യത്തൊഴിലാളികൾ മുഖേന പദ്ധതി നടപ്പാക്കുന്നു
മത്സ്യത്തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് പ്രത്യേക ബാഗുകൾ നൽകും
ശേഖരിക്കുന്ന മാലിന്യം ഹാർബറുകളിലുള്ള യൂണിറ്റുകളിൽ സംസ്കരിക്കും
മാലിന്യ സംസ്‌കരണത്തിനൊപ്പം റീസൈക്ലിംഗ്, റീയൂസിംഗ് സെക്ടറിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യം
നീണ്ടകരയിൽ
വിതരണം ചെയ്തത് 8671 ബാഗുകൾ
6405 ബാഗുകൾ നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
ശേഖരിച്ചത് 154.932 ടൺ പ്ലാസ്റ്റിക് മാലിന്യം
നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ പ്ലാസ്റ്റിക് വേസ്റ്റ് കളക്ഷൻ പോയിന്റുകൾ
പ്ലാസ്റ്റിക് വൃത്തിയാക്കുന്നതിനായി ശക്തികുളങ്ങരയിൽ ക്ലീനിംഗ് യൂണിറ്റ്
നീണ്ടകരയിലെ യൂണിറ്റിലെത്തിച്ച് പെല്ലറ്റ് രൂപത്തിലാക്കി റോഡ് ടാറിംഗിന് ഉപയോഗിക്കുന്നു
സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കം ക്ലീൻ കേരള കമ്പനിയ്ക്ക് 9.845 ടൺ പ്ലാസ്റ്റിക് വിൽപ്പന നടത്തി
പെല്ലറ്റുകൾ കിലോയ്ക്ക് 22 രൂപ നിരക്കിൽ പി.ഡബ്ല്യു.ഡി, എച്ച്.ഇ.ഡി, എൽ.എസ്.ജി.ഡി ടാറിംഗ് ജോലികൾക്കായി നൽകി
പ്ലാസ്റ്റിക് വിൽപ്പനയിലൂടെ ലഭിച്ചത് 22.63 ലക്ഷം രൂപ
''590 കിലോമീറ്ററിലധികം കടൽത്തീരമുള്ള സംസ്ഥാനത്തെ തീരമേഖലകളെ 590 ആക്ഷൻ പോയിന്റുകളാക്കി തിരിക്കുകയും ഓരോ ആക്ഷൻ പോയിന്റിലും 25 വോളണ്ടിയർമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 15,000 വോളണ്ടിയർമാരെ കൂടി വിന്യസിക്കും. ക്ലീൻകേരള കമ്പനി ലിമിറ്റഡും ഹരിതകേരള മിഷനും സംയുക്തമായി ഓരോ 200 മീറ്ററിലും ഓരോകളക്ഷൻ ബോക്‌സുകൾ സ്ഥാപിക്കും.""- ഫിഷറീസ് വകുപ്പ് അധികൃതർ