palam-
പണി പൂർത്തീകരിക്കാത്ത അറക്കടവ് പാലം .

എഴുകോൺ : പാലം പണി തീർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അനുബന്ധ റോഡിനായുള്ള കാത്തിരിപ്പിലാണ് നെടുമൺകാവ് അറക്കടവ് നിവാസികൾ. 2018 മാർച്ചിലാണ് നെടുമൺ കാവ് തോടിന് കുറുകെ പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. നെടുമൺകാവിൽ നിന്ന് വെളിയത്തേക്കുള്ള യാത്രാ സൗകര്യം ലക്ഷ്യമിട്ടാണ് ചെറിയ നടപ്പാലം പൊളിച്ച് വലിയ പാലം പണി തുടങ്ങിയത്. എന്നാൽ പാലത്തിന്റെയും റോഡിന്റെയും പണി അനന്തമായി നീളുകയാണ്.

പ്രളയം വന്നതോടെ എസ്റ്റിമേറ്റും മാറി

ഒന്നാം പ്രളയത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തികൾക്ക് അവലംബിക്കുന്ന മാക്സിമം ഫ്ലഡ് ലെവലിൽ മാറ്റം വരുത്തിയിരുന്നു. ഇതേ തുടർന്ന് അറക്കടവ് പാലത്തിന്റെ ഡിസൈനിലും എസ്റ്റിമേറ്റിലും മാറ്റം വരുത്തേണ്ടി വന്നു. പുതുക്കിയ എസ്റ്റിമേറ്റിന്റെ അനുമതി വൈകിയതോടെ നിർമ്മാണവും വൈകാനിടയാക്കി.

പുതിയ ഡിസൈൻ പ്രകാരം തറ നിരപ്പിൽ നിന്നുയർത്തി തൂണുകൾ നിർമ്മിച്ചാണ് ഗർഡറുകൾ ഉറപ്പിച്ചത്.

2019 ജൂണിൽ ഗർഡറുകൾ ഉറപ്പിച്ചെങ്കിലും പാലത്തിന്റെ കൈവരിയും മറ്റും നിർമ്മിക്കാൻ പിന്നെയും ഒരു വർഷമെടുത്തു.

കരാറുകാരൻ പണി ഉപേക്ഷിച്ചു

അനുബന്ധ റോഡിന്റെ നിർമ്മാണത്തിലേക്ക് കടന്നപ്പോഴും സാങ്കേതിക തടസങ്ങളായി. പാലത്തിനോട് ചേർന്ന് ചെളി പ്രദേശമായതിനാൽ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണ രീതിയും മാറ്റി.

ഫൗണ്ടേഷൻ ഉറപ്പിക്കാൻ കുഴിയെടുത്ത് ഗ്രൈൻ ഡഡ് മെറ്റലിട്ട് നിറയ്ക്കുന്ന സ്റ്റോൺ കോളം നിർമ്മാണ രീതി വേണമെന്നാണ് വിദഗ്ധർ നിർദ്ദേശിച്ചത്. പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ ഫയൽ അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങി എത്തിയപ്പോഴേക്കും നിർമ്മാണ സാമഗ്രികളുടെ വില കൂടിയത് ചൂണ്ടിക്കാട്ടി കരാറുകാരൻ പണി ഉപേക്ഷിച്ചിരുന്നു.

പുതിയ ടെണ്ടർ വിളിച്ച് കാത്തിരിക്കുന്നു

പുതിയ നിരക്കുകൾ പ്രകാരം 10.28 കോടി ചെലവിൽ രണ്ട് വശത്തുമായി 2 കിലോമീറ്ററോളം റോഡാണ് നിർമ്മിക്കേണ്ടത്. ഇതിനായുള്ള ആദ്യ ടെൻഡറുകൾ യോഗ്യതയുള്ള കരാറുകാരില്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് വിളിച്ച ടെൻഡറിൽ ഉയർന്ന തുകയായതിനാൽ സർക്കാർ അനുമതി ലഭിച്ചില്ല. ഇപ്പോൾ പുതിയ ടെൻഡർ വിളിച്ചിട്ടുണ്ട്.

അധികൃതരുടെ അനാസ്ഥയാണ് അറക്കടവ് പാലത്തിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണം. അനുബന്ധ റോഡ് നിർമ്മിച്ച് എത്രയും പെട്ടെന്ന് പാലം ഗതാഗത യോഗ്യമാക്കണം.

വിശ്വൻ കുടിക്കോട്

സാംസ്കാരിക പ്രവർത്തകൻ

ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പണി മുടങ്ങാൻ കാരണം. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണം.

അഡ്വ.വി.കെ. സന്തോഷ് കുമാർ

ജനറൽ കൺവീനർ, ജനകീയ വേദി