school
ചവറ തെക്കുംഭാഗം ലക്ഷ്മിവിലാസം എൽ.പി സ്കൂൾ

ചവറ: 90 വർഷത്തിലധികം പഴക്കമുള്ള ചവറ തെക്കുംഭാഗം ലക്ഷ്മിവിലാസം എൽ.പി സ്കൂളിന് (പെൺ പള്ളിക്കൂടം) പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അദ്ധ്യാപകരും പി.ടി.എയും ചേർന്ന് ആദരവ് നൽകുന്നു. സെപ്തംബർ 2ന് സ്കൂളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ സ്കൂളിലെ പഴയ അദ്ധ്യാപകരെയും ആദരിക്കും. ഇതോടൊപ്പം ഈ സ്കൂളിലെ പൂർവകാല വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ കാല ഓ‌ർമ്മകൾ തിരിച്ചു കൊണ്ടു വരുന്നതിനായി പ്രത്യേക ക്ലാസ് റൂമും 'ഞാനാദ്യം പഠിച്ചത്' എന്ന പേരിൽ സംഘടിപ്പിക്കുന്നു .പഴയകാലം സ്കൂൾ മതിലിൽ ഓർത്തെഴുതാൻ "മായാത്ത വര" എന്ന പരിപാടിയും സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് സ്കൂളിലെ ഓണാഘോഷ പരിപാടികളും നടക്കും.

അടച്ചുപൂട്ടലിൽ നിന്ന്

1928 ൽ പാടിയിൽശങ്കരൻ നായരുടെ മകൾ ലക്ഷമിക്കുട്ടിഅമ്മയുടെ പേരിൽ സ്ഥാപിതമായ സ്കൂൾ

അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു. പിന്നീട് ഈ പൊതുവിദ്യാലയത്തെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് എത്തിച്ചതിന് മുൻ പ്രധാനാദ്ധ്യാപികയായ തങ്കലത ആയിരുന്നു. തങ്കലതയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചു.

ഒരു ഗ്രാമത്തെ മുഴുവൻ അക്ഷര വെളിച്ചത്തിലേക്ക് നയിച്ച ഷൺമുഖദാസ സ്വാമി, അഴകത്ത് പത്മനാഭക്കുറുപ്പ്, ഓ നാണു ഉപാദ്ധ്യായ എന്നിവരാൽ പ്രശസ്തമായ ചവറ തെക്കുംഭാഗത്തെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് വി.സാമ്പശിവനും ഡോ. ബൈജു സേനാധിപനും.

വികസനവഴിയിൽ

ഇപ്പോൾ 400 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് പുതിയ കെട്ടിടം നി‌ർമ്മിക്കാൻ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ 1.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് രഹിത സ്കൂൾ പദ്ധതി, ഔഷധ വനം,സ്മാർട്ട് എ.സി ക്ലാസ് റൂമുകൾ , മധുര വനം,ജൈവ പച്ചക്കറി തോട്ടം എന്നീ പദ്ധതികളും നടപ്പിലാക്കിവരുന്നു.

അക്കാഡമിക് മാസ്റ്റർ പ്ലാനിൽ ഊന്നിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ പടുത്തുയർത്താനാണ് ഇനിയുള്ള ശ്രമമെന്ന് സ്കൂൾ എച്ച്.എം പി. ജലജ പറഞ്ഞു.