 
കൊട്ടാരക്കര: വികസനത്തിൽ കേരളം ഏറെ പിന്നിലെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബെ. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മാവേലിക്കര മണ്ഡലത്തിലെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികൾ പലതും കേരളം നടപ്പാക്കുന്നില്ല. നടപ്പാക്കുന്ന പദ്ധതികളുടെ പേര് മാറ്റി സംസ്ഥാന പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. സ്വജനപക്ഷപാതത്തിലും അഴിമതിയിലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് സർക്കാർ ശ്രമം.
രാഷ്ട്രീയ പ്രതിയോഗികൾക്കുമേൽ ആക്രമണം മുഖ്യ അജണ്ടയാക്കിയ പാർട്ടി എങ്ങനെ സംസ്ഥാനത്ത് സദ്ഭരണം നടത്തും. ഇതൊക്കെ ജനം തിരിച്ചറിയുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സെൽ കോ- ഓർഡിനേറ്റർ അശോകൻ കുളനട, എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.