chendumalli

കൊല്ലം: മട്ടുപ്പാവിലെ ഗ്രോബാഗിൽ ചെണ്ടുമല്ലിത്തോട്ടമൊരുക്കി വീട്ടമ്മ. ക്ളാപ്പന മിലോഷ് ഭവനിൽ സുലതയാണ് വീടിന്റെ ടെറസിൽ 167 മൂട് ചെണ്ടുമല്ലികൾ വിരിയിച്ചത്.

കഴിഞ്ഞ ജൂണിലാണ് തൈകൾ നട്ടത്. ഓണത്തോടെ വില്പനക്ക് തയ്യാറാകും. കുടിക്കോട് ഗുരുദേവ പബിളിക് സ്കൂളിലെ താത്കാലിക അദ്ധ്യാപികയായിരുന്ന സുലത (35) വിവിധ ചാനലുകളിൽ ന്യൂസ് റീഡറായും പ്രവർത്തിച്ചിരുന്നു.

ഇതിനിടെയാണ് കൃഷിയിലേക്ക് ആകൃഷ്ടയായത്.

വസ്തു കുറവായതിനാൽ ഭർത്തൃ സഹോദരിയുടെ 1600 സ്ക്വയർ ഫീറ്റ് വരുന്ന മട്ടുപ്പാവിലാണ് ആദ്യം പച്ചക്കറി കൃഷി ആരംഭിച്ചത്. ഇത് വിജകരമായപ്പോൾ നൂറനാട്ട് നിന്ന് 167 മൂട് ചെണ്ടുമല്ലി തൈകൾ വാങ്ങി ടെറസിന്റെ പകുതി ഭാഗത്ത് ഗ്രോ ബാഗിൽ വളർത്തി.

ആദ്യം യൂറിയയും പിന്നീട് ചാണകവും ഗോമൂത്രവും വളമായി ഉപയോഗിച്ചു. ഒരു ചെടിപോലും നഷ്ടപ്പെട്ടില്ല. ചെടി പൂവിടാൻ 85 ദിവസമാണ് വേണ്ടത്. ഇപ്പോൾ തന്നെ പൂക്കളം ഒരുക്കാനും വിവാഹ പാർട്ടിക്കുമായി ബുക്കിംഗ് ലഭിച്ചുതുടങ്ങി. ഇതിനിടെ മട്ടുപ്പാവ് കൃഷിക്ക് ക്ളാപ്പന പഞ്ചായത്തിന്റെ കർഷക അവാർഡും തേടിയെത്തി. ഗൾഫിൽ ജോലി ചെയ്യുന്ന മിലോഷാണ് ഭർത്താവ്. രണ്ടാം ക്ളാസിൽ പഠിക്കുന്ന നിളയാണ് മകൾ.

ഒരു ചെടിയിൽ നിന്ന് ലഭിക്കുന്ന പൂക്കൾ - 50 ഗ്രാം

പ്രതീക്ഷിക്കുന്ന ആകെ തൂക്കം - 8.35 കിലോഗ്രാം

ഇപ്പോഴത്തെ വില - ₹ 70 - 80

ഓണക്കാലത്ത് - ₹ 200

പരിക്ഷണാടിസ്ഥാനത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഇത് വലിയ ആത്മവിശ്വാസം നൽകുന്നു. കൃഷിയിലാവും ഇനി പൂർണ ശ്രദ്ധ.

സുലത