
കൊല്ലം: പാർട്ടി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന എം.ഡി.എം.എ കേരളത്തിലെത്തിക്കുന്നതിന് അന്യസംസ്ഥാനത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ കാരിയർമാരാക്കിയാണെന്നാണ് സൂചന.
വിദ്യാർത്ഥികളെ ആകർഷിക്കാൻ ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാഫിയകളും സജീവമാണ്. സൗഹൃദ വലയത്തിലാക്കി വട്ടച്ചെലവിനുള്ള പണം കണ്ടെത്താമെന്ന നിലയിലാണ് വിദ്യാർത്ഥികളെ വീഴ്ത്തുന്നത്.
ചെറിയ അളവ് പോലും സംസ്ഥാനത്തേക്ക് കടത്തിയാൽ വൻ പ്രതിഫലം ലഭിക്കുമെന്നതിനാൽ ഭൂരിഭാഗം കുട്ടികളും ഇതിൽ വീണുപോകും. ആഡംബര ബൈക്കുകളിലും മറ്റും സഞ്ചരിക്കുന്ന വിദ്യാർത്ഥികളിൽ പലരും ന്യൂജെൻ ലഹരി കടത്തിൽ വിദഗ്ദ്ധരാണ്. വാച്ചിന്റെ ലെതർ, ഷർട്ടിന്റെ കോളർ സോൾ, കൈകളുടെ മടക്കുകൾ, ബട്ടണുകൾ എന്നിവയിലെല്ലാം ഒളിപ്പിച്ചാണ് ഇവ കടത്തുന്നത്.
എക്സൈസ് ഉൾപ്പെടെയുള്ള വിവിധ പരിശോധനാ സംഘങ്ങളെയും ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എം.ഡി.എം.എ പോലെയുള്ള ലഹരിവസ്തുക്കൾ കടത്തുന്നതിലും ഉപയോഗിക്കുന്നതിലും പെൺകുട്ടികളും പിന്നിലല്ലെന്നാണ് പ്രതിചേർക്കപ്പെട്ടവരുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
നമ്മുടെ കുട്ടികൾ ലഹരി ഉപയോഗിക്കില്ലെന്ന അമിത വിശ്വാസത്തിന് പകരം അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ രക്ഷിതാക്കൾ വിലയിരുത്തി കൗൺസലിംഗിന് വിധേയരാക്കണമെന്ന് എക്സൈസ് അധികൃതർ പറയുന്നു. ചെറിയ അളവിൽ പോലും സൂക്ഷിച്ചാൽ ജാമ്യമില്ലാത്ത കുറ്റമാണിത്.
മണമില്ലാത്ത മാരക ലഹരി
കഞ്ചാവ്, മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് ഗന്ധത്തിലൂടെ മനസിലാക്കാനാകും. എന്നാൽ പാർട്ടി ഡ്രഗ് പോലെയുള്ളവ ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മനസിലാകില്ലെന്നതാണ് കൂടുതൽ യുവാക്കൾ ആകൃഷ്ടരാകാൻ കാരണം. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നവർ പിന്നീട് ലഹരിക്കടിമകളാകും. തുടർന്ന് ഇവർ കാരിയർമാരാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആശ്രാമത്തെ കൊറിയർ സ്ഥാപനം വഴിയെത്തിച്ച എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതിസ്ഥാനത്തെത്തിയവരിൽ ഒരാൾ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.
ഒരു മൈക്രോ ഗ്രാം എം.ഡി.എം.എ ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലാകുമെന്നാണ് പറയുന്നത്. ആദ്യമായി ഉപയോഗിക്കുന്നവരിൽ ലഹരി നീണ്ടുനിന്നേക്കാം.
എം.ഡി.എം.എ
 ആദ്യമായി നിർമ്മിച്ചത് 1912ൽ
 നേരത്തെ ലഭ്യത ബംഗളൂരു, ഗോവ
 ഇന്ത്യയിൽ എത്തിക്കുന്നത് മുംബയ് വഴി
 പിന്നിൽ കുപ്രസിദ്ധ മാഫിയകൾ
 രാജ്യത്ത് നിർമ്മാണ ഫാക്ടറികൾ ഉള്ളതായി സൂചന
 സംസ്ഥാനത്തും രഹസ്യകേന്ദ്രങ്ങൾ
 വിപുലമായ വിപണന ശൃംഖല
 ടൂറിസം കേന്ദ്രങ്ങളിൽ പാർട്ടി ഡ്രഗ് സുലഭം
 ഗ്രാമപ്രദേശങ്ങളിലും ഇടനിലക്കാരുടെ സാന്നിദ്ധ്യം
ന്യൂജെൻ ലഹരിയുടെ ഉപയോഗം പലരും അഭിമാനമായാണ് കാണുന്നത്. എന്നാൽ ആരോഗ്യനിലയും കാര്യശേഷിയും മാരകമായി നശിപ്പിക്കും. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് വിപണനമെന്നതിനാൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണം. കുട്ടികളുടെ പെരുമാറ്റ രീതി നിരീക്ഷിക്കണം.
വി. റോബർട്ട്,
അസി. എക്‌സൈസ് കമ്മിഷണർ, കൊല്ലം