കൊല്ലം: ഇടക്കുളങ്ങര റെയിൽവേ ഗേറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്കും കയ്യാങ്കളിയും ഒഴിവാക്കാൻ നടപടി വേണമെന്ന് മോട്ടോർ വാഹനവകുപ്പ്. സി.ആർ. മഹേഷ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ്, തൊടിയൂർ ഗ്രമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കത്തുനൽകി. കരുനാഗപ്പള്ളി താലൂക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വെഹിക്കിൾ ഇൻസ്‌പെക്ടർ കെ. ദിലീപ്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്.
ഓണം വരുന്നു, നടപടി വേഗം വേണം
കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ റെയിൽവേ ഓവർബ്രിഡ്‌ജിന്റെ നിർമ്മാണത്തെ തുടർന്ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനടുത്തുള്ള ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിറുത്തുന്നതും പുറപ്പെടുന്നതുമായ
ട്രെയിനുകൾ വേഗത കുറച്ചു സഞ്ചരിക്കുന്നതിനാൽ ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് കൂടുതൽ സമയം അടച്ചിടും. വീതികുറഞ്ഞ, വളവുകൾ കൂടുതലുള്ള റോഡിൽ റെയിൽവേ ഗേറ്റ് അടക്കുന്ന സമയം രൂക്ഷമായ ഗതാഗതകുരുക്കാണ്. മിക്കപ്പോഴും യാത്രക്കാർ തമ്മിൽ വഴക്കും കയ്യാങ്കളിയും പതിവായതോടെയാണ് നടപടി സ്വീകരിക്കാൻ വകുപ്പ് അധികൃതർ രംഗത്തിറങ്ങിയത്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തിരക്ക് കൂടുതലാകുമെന്നതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നും കത്തിലുണ്ട്.
ഗതാഗതകുരുക്ക് ഒഴിവാക്കാം
1. വീതി കുറവായതിനാൽ താത്കാലിക മീഡിയൻ നൽകാനാകില്ല. പടനായർകുളങ്ങര- കാരൂർകടവ് (പി.കെ റോഡ് ) റോഡിൽ മീഡിയന് പകരമായി തുടർച്ചയായ വെള്ള വര നൽകണം. ഈ വരയുടെ വലത് ഭാഗത്ത് നിറുത്തിയിടുന്ന വാഹങ്ങൾക്കെതിരെ നടപടിയെടുക്കണം
2. ഗതാഗത കുരുക്കിനെ തുടർന്ന് യാത്രക്കാർക്ക് ട്രെയിൻ കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരമായിറെയിൽവേ സ്റ്റേഷനിലേക്കും തിരികെയുമുള്ള വാഹനങ്ങൾക്കായി റോഡിൽ ബോക്‌സ് മാർക്കിംഗ് നൽകണം
3.ഗേറ്റിന്റെ തൊട്ടു കിഴക്ക് ഭാഗത്ത് മാവ് ജംഗ്ഷൻ, എതിർവശത്ത് ആലുംമൂട് ജംഗ്ഷൻ എന്നിവിടങ്ങളിലും ബോക്‌സ് മാർക്കിംഗ് നൽകണം . ബോക്‌സ് മാർക്കിൽ നിറുത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി
4. ഗേറ്റ് തുറന്ന ശേഷം 3 മിനിട്ട് നേരത്തേക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കരുത്. ഈ നിർദ്ദേശം ബോർഡിൽ പ്രദർശിപ്പിക്കണം
5. ബോക്‌സ് മാർക്കിൽ വാഹനം നിറുത്തിയിടരുത്, തുടർച്ചയായ വെള്ളവര മുറിച്ചു കടക്കരുത് എന്നുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം
6. ട്രാഫിക് വാർഡൻമാരെ നിയോഗിക്കണം