 
കുന്നിക്കോട് : കൊട്ടാരക്കരക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുര റെയിൽവേ സ്റ്റേഷനിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. യാത്രക്കാർക്കുള്ള സിമന്റ് ഇരിപ്പിടം ഇളക്കി മറിച്ചിട്ടു, കുടിവെള്ള പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്ലാറ്റ്ഫോമിൽ മദ്യക്കുപ്പികൾ പൊട്ടിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ രാവിലെ സ്റ്റേഷനിലെ ജീവനക്കാരെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുന്നിക്കോട് പൊലീസിനെയും പുനലൂർ ആർ.പി.എഫിനെയും വിവരം അറിയിച്ചു. സാമൂഹ്യ വിരുദ്ധർ മറിച്ചിട്ട കോൺക്രീറ്റ് ഇരിപ്പിടം അൽപം മാറി റെയിൽവേ ട്രാക്കിൽ വീണിരുന്നെങ്കിൽ ട്രെയിൻ കടന്ന് പോകുംമ്പോൾ വലിയ അപകടം സംഭവിച്ചേനെ.
ഹാൾട്ട് സ്റ്റേഷനായ ഇവിടെ പല ട്രെയിനുകൾക്കും സ്റ്റോപ്പില്ല. രാത്രിയിൽ ഇവിടം വിജനമാണ്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം ശക്തമായിട്ടും പൊലീസോ ആർ.പി.എഫോ ഇടപെടാറില്ലെന്ന ആക്ഷേപമുണ്ട്. സ്റ്റേഷനിലെയും പരിസരത്തെയും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും ഇത്തരക്കാർക്ക് സഹായമാണ്. സംഭവം നടന്നതിന് ശേഷം പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.