 
കൊല്ലം: മലയാളത്തോടോപ്പം സംസ്കൃതവും എൽ.പി സ്കൂളുകളിൽ പഠിപ്പിക്കുന്നതിനായി ഒരു പഞ്ചായത്തിൽ രണ്ട് ഗവ. എൽ.പി.എസുകളിലെങ്കിലും പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം തസ്തിക സൃഷ്ടിക്കണമെന്ന് എസ്.എൻ. സംസ്കൃതവിദ്യാപീഠം ഹാളിൽ കൂടിയ പൂർവവിദ്യാർത്ഥികളുടെ സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലേക്കുള്ള സംസ്കൃതപാഠപുസ്തകങ്ങൾ മലബാർമേഖലയിൽ ധാരാളം സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെന്നും ക്ലബ്ബിംഗ് സംവിധാനത്തിലുടെ രണ്ട് എൽ.പി സ്കൂളുകളിലേക്ക് ഒരു സംസ്കൃതാദ്ധ്യാപകനെ നിയമിച്ചാൽ മതിയാകുമെന്നും പ്രമേയത്തിൽ പറയുന്നു. സമ്മേളനത്തിൽ
ഡോ. എസ്. മീരാഭായി അമ്മ അദ്ധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റിയിൽ സംസ്കൃതം ബി.എ ഒന്നാം റാങ്ക് ലഭിച്ച എസ്.എൻ. സംസ്കൃത വിദ്യാപീഠത്തിലെ വിദ്യാർത്ഥിനി ഷഹാനബീഗത്തിന് പൂർവവിദ്യാർത്ഥി സംഘടനാ സെക്രട്ടറി എൻ. പുഷ്പാഗദൻ പുരസ്കാരം നൽകി അനുമോദിച്ചു. ശൂരനാട് മില്ലത്ത് ടീച്ചർ എജ്യൂക്കേഷൻ കോളേജിലെ മുൻ പ്രിൻസിപ്പൽ എസ്. രാധാമണിഅമ്മ ഫസ്റ്റ് ക്ലാസ് ലഭിച്ച മറ്റ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. എസ്. സൗമ്യ, എൻ. ബലരാമൻ, എസ്. ഉണ്ണിക്കൃഷ്ണൻ, ജി. ഗോപിനാഥൻ, രമാഭായിഅമ്മ തുടങ്ങിയവർ പ്രസംഗിച്ചു.