
അഞ്ചൽ: കൂട്ടുകാരോടൊപ്പം കടൽത്തീരത്ത് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചൽ ഇടമുളയ്ക്കൽ വാഴോട്ട് തെങ്ങുവിള ഫെബിൻ വില്ലയിൽ രാജു - ജയ ദമ്പതികളുടെ മകൻ ഫെബിൻ രാജുവാണ് (23, കൊച്ചിൻ റിഫൈനറി) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കളായ മറ്റ് മൂന്നുപേരോടൊപ്പം കൊച്ചി കണ്ണമാലി പുത്തൻതോട്ടം ബീച്ചിൽ കുളിക്കവെയാണ് അപകടം. ഫെബിൻ രാജുവും മറ്റ് രണ്ട് സുഹൃത്തുക്കളും ശക്തമായ തിരയിലകപ്പെട്ടു. ഇതിലൊരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഒരാൾ നീന്തി രക്ഷപ്പെട്ടു. ഫെബിൻ രാജുവിന്റെ മൃതദേഹം മണിക്കൂറുകൾക്ക് ശേഷം പുലിമുട്ടിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരി ഡോ. ഫേബ മറിയം രാജു.