 
കൊല്ലം: നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ
തെരുവുനായ്ക്കളുടെ കൈപ്പിടിയിലാണ്. കോളേജ് ജംഗ്‌ഷൻ, ഹൈസ്‌കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളൊഴികെ ബാക്കിയെല്ലായിടവും തെരുവുനായ്ക്കൾ വിശ്രമകേന്ദ്രങ്ങളാക്കിക്കഴിഞ്ഞു.
ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനികകാത്തിരിപ്പ് കേന്ദ്രങ്ങളുടെ അവകാശികളും ഇപ്പോൾ ഇവർ തന്നെ. കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സുഖവിശ്രമംകൊള്ളുന്ന തെരുവുനായ്ക്കളെ ആരെങ്കിലും ആട്ടിപ്പായിക്കാൻ ശ്രമിച്ചാൽ സംഘം ചേർന്ന് ആക്രമിക്കുന്നതും നഗരത്തിലെ പതിവ് കാഴ്ചയാണ്.
കരിക്കോട് ജംഗ്‌ഷനിലാണ് കൂടുതൽ ഭീഷണി നിലനിൽക്കുന്നത്. കോളേജുകളും സ്‌കൂളുകളും നിരവധിയുള്ള ഇവിടെ നൂറുകണക്കിന് കുട്ടികളാണ് ബസ് സ്റ്റോപ്പിലെത്തുന്നത്. ചീറിയടുക്കുന്ന നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടിമാറുന്നതിനിടെ കുട്ടികൾ വീണ് പരിക്കേൽക്കുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്. ദീർഘ ദൂര യാത്രയ്ക്കെത്തുന്ന വയോധികരും കുട്ടികളുമെല്ലാം ഭയപ്പാടോടെയാണ് മിക്ക ബസ് സ്റ്റോപ്പുകളിലും കാത്തു നിൽക്കുന്നത്. വിശ്രമത്തിനിടെ തെരുവുനായ്ക്കൾ പരസ്പരം ആക്രമിക്കുന്നതും ശൗര്യത്തോടെ ഓടിയടുക്കുന്നതുമെല്ലാം കുറച്ചൊന്നുമല്ല യാത്രക്കാരെ ഭയപ്പെടുത്തുന്നത്.
ബൈക്കുകളുടെ
കാത്തിരിപ്പുകേന്ദ്രം !
അൽപ്പം പഴക്കമേറിയതാണെങ്കിലും കണ്ണനല്ലൂർ ഭാഗത്തേയ്ക്കുള്ള യാത്രക്കാർക്ക് ഒരു ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്. എന്നാൽ, ബസുകൾ നിറുത്തുന്നതാകട്ടെ മറ്റൊരിടത്താണെന്ന് മാത്രം. ബസുകൾക്ക് വേണ്ടാതായ
കാത്തിരിപ്പുകേന്ദ്രം ഇപ്പോൾ ട്രെയിൻ യാത്രക്കാരുടെ ബൈക്കുകൾ സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
കാത്തിരിപ്പുകേന്ദ്രത്തിനോട് ചേർന്ന് ട്രാഫിക്ക് പൊലീസിന്റെ നോ പാർക്കിംഗ് ബോർഡ് നോക്കുകുത്തിയായി നിൽപ്പുണ്ട്. ഇതല്ലാതെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കാത്തിരിപ്പുകേന്ദ്രം പാർക്കിംഗിന് വഴിമാറിയതോടെ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപത്താണ് ബസ് കാത്തുനിൽക്കുന്നത്. ബസുകളും ഈ ഭാഗത്ത് തന്നെ നിറുത്തുന്നതിനാൽ ചില സമയങ്ങളിൽ ഗതാഗതക്കുരുക്കിനും ഇടയാക്കാറുണ്ട്.