open-university

കൊല്ലം: ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് യു.ജി.സി അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ,സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇത്തണ കൂടി വിദൂര കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചേക്കും.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഓപ്പൺ സർവകലാശാല അധികൃതരുമായി ഇന്ന് നടത്തുന്ന ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമാകും.

ഇന്ന് രാവിലെ 11ന് ചേരുന്ന യോഗത്തിൽ ഓപ്പൺ സർവകലാശാല അധികൃതർക്ക് യു.ജി.സി അനുമതിയുടെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് സർവകലാശാലകൾക്ക് വിദൂര കോഴ്സുകൾ തുടരാൻ അനുമതി നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുമതിയുണ്ടെങ്കിൽ അവിടില്ലാത്ത കോഴ്സുകൾ തുടരാൻ മറ്റ് സർവകലാശലകളെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. 26ന് മുമ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കണമെന്നും നിർദ്ദേശമുണ്ട്.

 ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാം

ഇത് സംബന്ധിച്ച വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി പരിഗണിക്കവെ, ഓപ്പൺ സർവകലാശാലയ്ക്ക് ഇതുവരെയും ഒരുകോഴ്സിനും അനുമതി നൽകിയിട്ടില്ലെന്നാണ് യു.ജി.സിയുടെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് ചില കോഴ്സുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഓപ്പൺ സർവകലാശാല അഭിഭാഷകന്റെ വാദം. തുടർന്നാണ് രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്.

ഓപ്പൺ സർവകലാശാല 12 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര കോഴ്സുകളും തുടങ്ങാനുള്ള അപേക്ഷ യു.ജി.സിക്ക് സമർപ്പിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. യു.ജി.സി ആവശ്യപ്പെട്ട അധിക രേഖകളും വിവരങ്ങളും സർവകലാശാല രണ്ടാഴ്ച മുമ്പ് സർപ്പിച്ചിരുന്നു. ഓൺലൈനായിട്ടാകും പരിശോധനയെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പരിശോധനാ സംഘത്തെ യു.ജി.സി തീരുമാനിച്ചെങ്കിലും തീയതി അറിയിച്ചിരുന്നില്ല. പരിശോധന സംഘത്തിലെ ഒരാൾ പിന്മാറിയതാണ് വൈകാൻ കാരണമെന്നാണ് സൂചന.