കൊട്ടാരക്കര: കരീപ്ര ഗ്രാമപഞ്ചായത്തിലെ തലവൂർക്കോണം ഗ്രാമത്തിന്റെ മുഖശ്രീയായ സെന്റർ ഒഫ് മാസ് ആർട്സ് സുവർണ ജൂബിലിയുടെ നിറവിൽ. കലാ കായിക, വിദ്യാഭ്യാസ, സേവന മേഖലകളിലടക്കം നാടിന്റെ സമസ്തമായ പുരോഗതി ലക്ഷ്യമിട്ടാണ് സംഘടനയുടെ ജൈത്രയാത്ര. 1972 ആഗസ്റ്റ് 23നാണ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത്. ചെറുതും വലുതുമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ നാടിന്റെ സാംസ്കാരിക വളർച്ചക്ക് വലിയ പങ്ക് വഹിക്കാനും സംഘടനയ്ക്ക് കഴിഞ്ഞു. ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബായിട്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം. ആർ.ജനാർദ്ദനൻ പിള്ള(പ്രസിഡന്റ്), പി.വിശ്വംഭരൻ(സെക്രട്ടറി), ഗോപിനാഥൻ പിള്ള, എസ്.കേശവൻ, കെ.വാസുദേവൻ, തുളസീധരൻ, പി.ജോർജ്ജുകുട്ടി, അർജ്ജുനൻ, എൻ.സുരേന്ദ്രൻ, എൻ.സുകേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഭരണസമിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1976ൽ ജി.നാരായണൻ ഒന്നര സെന്റ് ഭൂമി സംഭാവനയായി നൽകിയതോടെയാണ് വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടമെന്ന ആശയമുദിച്ചത്. സർക്കാർ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ നാടൊരുമിച്ചപ്പോൾ ക്ളബ്ബിന് സ്വന്തം കെട്ടിടമായി. 1984 മാർച്ച് 3ന് സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ മന്ദിരം നാടിന് സമർപ്പിച്ചു. 1996 ഡിസംബർ 25ന് നടത്തിയ രജത ജൂബിലി ആഘോഷങ്ങളിൽ വച്ച് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കവി തിരുനല്ലൂർ കരുണാകരൻ ഒരു ഗ്രന്ഥശാലക്കും തുടക്കം കുറിച്ചു.
സേവനക്കാര്യത്തിൽ മുന്നിൽ
പ്രളയകാലത്തും കൊവിഡ് മഹാമാരിക്കാലത്തും സെന്റർ ഒഫ് മാസ് ആർട്സ് നാടിന്റെ കരുതലായി മാറി. മെഡിക്കൽ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, ചികിത്സാ സഹായം, ആംബുലൻസ് സർവീസ്, ആതുരാലയ സേവനം, വിദ്യാഭ്യാസ സഹായം, വൃക്ഷത്തൈ വിതരണം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടുത്തകാലത്തും ഏറ്റെടുത്തു. അനൂപ്.കെ.രാജ്(പ്രസി.), ജോസ് ജോൺ(വൈ.പ്രസി), ആർ.ശിവപ്രസാദ്(സെക്ര.), ഷൈനു ഫിലിപ്(ജോ.സെക്ര.), ലിജോ വർഗീസ്(ട്രഷറർ), രാജീവ്(സ്പോർസ് സെക്ര.), ഹരിദാസൻ, അഭിജിത്ത്, ശ്രീജിത്ത്, അഖിൽ,ആശ എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സുവർണ ജൂബിലി ആഘോഷം നാടിന്റെ ഉത്സവമായി മാറും. സെപ്തംബർ 7 മുതൽ 10വരെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, കേരള കൗമുദി റസി.എഡിറ്റർ എസ്.രാധാകൃഷ്ണൻ, യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൺ ഡോ.ചിന്താ ജറോം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.അനൂപ്.കെ.രാജ് (പ്രസിഡന്റ്)