food

കൊല്ലം: വിവാഹസത്കാര അവശിഷ്ടങ്ങൾ ദേശീയപാതയോരത്ത് തള്ളിയ സംഭവത്തിൽ കൊല്ലം കോർപ്പറേഷൻ ഒരുലക്ഷം രൂപ പിഴ ചുമത്തി. ആശ്രാമം കായൽവാരത്ത് മെഡോസ് റിസോർട്ട് ഉടമ അബ്ദുൾ നാസർ, കോഴിക്കോട് പാരഗൺ കാറ്ററിംഗ് ഉടമ സുരേഷ് ഗോവിന്ദ് എന്നിവർക്കെതിരെയാണ് നടപടി. കപ്പലണ്ടിമുക്ക് ട്രാഫിക് സിഗ്‌നലിന് സമീപം ഞായറാഴ്ച രാത്രിയിലാണ് ഒരുലോഡോളം മാലിന്യം തള്ളിയത്. മാംസാവശിഷ്ടങ്ങളും അഴുകിയ ആഹാരസാധനങ്ങളും പ്‌ളാസ്റ്റിക് കവർ,​ കുപ്പി ഉൾപ്പെടെയുള്ള മാലിന്യവുമാണ് തള്ളിയത്.

അബ്ദുൾ നാസറിന്റെ മകളുടെ വിവാഹം രണ്ട് ദിവസം മുമ്പ് എറണാകുളത്താണ് നടന്നത്. ഇതിന്റെ ഭാഗമായി വീടിനോട് ചേർന്ന് പന്തൽ കെട്ടി രണ്ട് ദിവസമായി സത്കാരം നടത്തിയിരുന്നു. ഇവിടുത്തെ മാലിന്യമാണ് പൊതുനിരത്തിൽ തള്ളിയത്.

നഗരസഭ ജീവനക്കാരെ ഉപയോഗിച്ച് ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് വാഹനങ്ങളിൽ നീക്കം ചെയ്തു. ഇതിന് നഗരസഭയ്ക്ക് ചെലവായ ഒരുലക്ഷം രൂപയും പിഴയായി 500 രൂപയും ഈടാക്കാനാണ് നോട്ടീസ് നൽകിയത്. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എസ്. ഷൈൻ, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്.രാജീവ്, ആർ.എസ്.അജയൻ, എ.രഹ്മത്ത് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.