
കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാതയുടെ ശാപമാണ് ഇളമ്പള്ളൂർ മുതൽ കുണ്ടറപള്ളിമുക്ക് വരെയുള്ള ഭാഗം. മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുലർച്ചെ മുതൽ പാതിരാത്രി വരെ ഈ പ്രദേശത്ത് ഗതാഗത സ്തംഭനം പതിവാണ്. ഒച്ചിന്റെ വേഗതയിലേ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂ.
ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് എന്നിവിടങ്ങളിലെ ലെവൽക്രോസുകൾ ദേശീയപാതയോട് ചേർന്നുകിടക്കുന്നതാണ് ഇവിടത്തെ പ്രശ്നം. 15 മുതൽ 40 മീറ്റർ വരെ അകലം മാത്രമാണ് ഈ ലെവൽക്രോസുകളും ദേശീയപാതയും തമ്മിലുള്ളത്. അതുകൊണ്ട് തന്നെ, ലെവൽക്രോസ് അടയുന്നതിന്റെ തൊട്ടടുത്ത നിമിഷം മുതൽ വാഹനങ്ങൾ ദേശീയപാതയിൽ ക്യൂവായി നിറയും.
മൂന്ന് ലെവൽക്രോസുകളുടെയും മറുവശത്ത് പ്രധാനപ്പെട്ട റോഡുകളാണ്. അതുകൊണ്ട് തന്നെ, നൂറോളം വാഹനങ്ങളെങ്കിലും ഗേറ്റ് അടച്ചതും ഇരുവശങ്ങളിലുമായി നിറയും. ഇതോടെ ദേശീയപാതയിലെ ഈ ഭാഗത്തെയും ഗതാഗതം ഒരു വശത്ത് മാത്രമായി ചുരുങ്ങും. ക്യു തെറ്റിച്ച് ചില വാഹനങ്ങൾ മറുവശം കൂടി കവരുന്നതോടെ ഗതാഗതം പൂർണമായും സ്തംഭിക്കും. പിന്നെ വാക്കേറ്റവും ബഹളവുമാകും. കൂട്ടിമുട്ടലുകൾക്കും ഉരസലുകൾക്കും പുറമേ വാഹനയാത്രക്കാരുടെ കൈയ്യാങ്കളിയും ഇവിടെ നിത്യസംഭവമാണ്.
നാട്ടുകാരുടെ കണക്ക് പ്രകാരം ഒരു ദിവസം 21 തവണ ഈ മൂന്ന് ഗേറ്റുകളും അടയ്ക്കാറുണ്ട്. അതിൽ 15 തവണയും പകലാണ്. ഓരോ തവണയും ട്രെയിൻ കടന്നുപോകുന്നതിന് പത്ത് മിനിറ്റ് മുമ്പേ ഗേറ്റ് അടയ്ക്കും. ട്രെയിൻ കടന്നുപോയി പത്ത് മിനിറ്റിന് ശേഷമേ കുരുക്ക് അഴിയാറുള്ളു. തിരക്കേറിയ സമയങ്ങളിൽ കുരുക്കഴിയാൻ കൂടുതൽ സമയമെടുക്കും. ചുരുക്കത്തിൽ, ഓരോ പകലിലും മൂന്ന് ലെവൽക്രോസുകളിലുമായി മണിക്കൂറുകളോളം വാഹനങ്ങൾ കാത്തുകിടക്കേണ്ടിവരുന്നുവെന്ന് അർത്ഥം.
കടുപ്പിച്ച് കൈയേറ്റം
ഇളമ്പള്ളൂർ മുതൽ കുണ്ടറ പള്ളിമുക്ക് വരെ ദേശീയപാതയും റെയിൽവേ പുറമ്പോക്കും കൈയേറിയുള്ള പെട്ടിക്കടകളും അനധികൃത ഇറക്കുകളും കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിച്ചാൽ കുരുക്കിന് അല്പം ശമനം ലഭിക്കുമെങ്കിലും പഞ്ചായത്തുകളും ദേശീയപാത അധികൃതരും അതിന് തയ്യാറാകുന്നില്ല.
പദ്ധതികൾക്ക് മേൽ പദ്ധതി
ഇളമ്പള്ളൂർ മുതൽ കുണ്ടറ പള്ളിമുക്ക് വരെയുള്ള പ്രദേശത്തെ കുരുക്കഴിക്കാനുള്ള പദ്ധതികളും കുരുക്കിൽപ്പെട്ട് ഉഴലുകയാണ്. ഇളമ്പള്ളൂർ, പള്ളിമുക്ക് ആർ.ഒ.ബികൾ നേരത്തെ റെയിൽവേയുടെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിയിരുന്നതാണ്. നിർമ്മാണത്തിനുള്ള പണവും അനുവദിച്ച് ആർ.ബി.ഡി.സി.കെ യെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിശ്ചയിച്ച് നിർമ്മാണച്ചുമതല ഏൽപ്പിച്ചിരുന്നു. സ്ഥലമെടുപ്പ് നടപടികളും ആരംഭിച്ചു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ കൊല്ലം - തിരുമംഗലം എൻ.എച്ച് 744 വികസനവുമായി ബന്ധപ്പെട്ട പൊതുപദ്ധതിയിൽ ഇളമ്പള്ളൂർ, പള്ളിമുക്ക് മേൽപ്പാലങ്ങൾ ഉൾപ്പെടുത്തി 2020 മേയ് 27ന് പുതിയ ഭരണാനുമതി നൽകിയത്. എന്നാൽ, തുടർനടപടി ഉണ്ടായില്ല. പഴയ ആർ.ഒ.ബി നിർമ്മാണ പദ്ധതികൾ സ്തംഭിക്കുകയും ചെയ്തു.