തഴവ: ഓണക്കാലമായതോടെ ഉൾനാടൻ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായി. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവർ വിവിധ ആവശ്യങ്ങൾക്കായി കുടുംബത്തോടൊപ്പം പുറത്തേക്ക് പോകുന്നത് അവധി ദിവസങ്ങളിലാണ്. എന്നാൽ അവധി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി നിലവിലുള്ള ഷെഡ്യൂളുകൾ പകുതിയായി വെട്ടിച്ചുരുക്കിയ പുതിയ നടപടിയാണ് യാത്രക്കാർക്ക് വെല്ലുവിളിയായത്.

ലാഭമില്ല, സ‌ർവീസുകൾ വെട്ടിച്ചുരുക്കി

കൊവിഡ് കാലത്ത് പൂർണമായും നിറുത്തിവെച്ചിരുന്ന ഉൾനാടൻ സർവീസുകൾ നാട്ടുകാരുടെ പരാതിയെ തുടർന്ന് പരിമിതമായ നിലയിൽ മാത്രമാണ് പുനരാരംഭിച്ചത്. അന്നു മുതൽ തന്നെ കരുനാഗപ്പള്ളി മേഖലയിലെ പല ഗ്രാമപ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമായിരിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ നീക്കം. ഓണാഘോഷത്തിന് മുന്നോടിയായി തിരക്കേറിയ പല സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി.സി നേരത്തേ സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നതാണ്. എന്നാൽ ഇത്തവണ അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നത് ലാഭകരമല്ലെന്ന പേരിൽ പരിമിതമായി അവശേഷിച്ചിരുന്ന ഷെഡ്യൂളുകൾ കൂടി വെട്ടിച്ചുരുക്കിയ അവസ്ഥയാണ്.