 
ഓടനാവട്ടം: റോഡാണോ കുളമാണോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിൽ പരിതാപകരമാണ്
പള്ളിമുക്ക് നാഗരുകാവ് റോഡിന്റെ അവസ്ഥ. കുഴികളും വെള്ളക്കെട്ടുമായ റോഡിലൂടെ വാഹനങ്ങളിലോ , നടന്നോ പോകാനാകാതെ വലയുകയാണ് നാട്ടുകാർ. ധാരാളം ആളുകൾ തിങ്ങപ്പാർക്കുന്ന
കട്ടയിൽ വാർഡിലെ വിദ്യാർത്ഥികളും വയോധികരുമെല്ലാം ഈ റോഡിലൂടെ അതിസാഹസികമായിട്ടാണ് ദിവസവും യാത്ര ചെയ്യുന്നത്.
ചപ്പാത്ത് തകർന്നത് വിനയായി
റോഡിന്റെ പ്രധാന ഭാഗമായ ആറ്റുവാരം ഭാഗത്തുണ്ടായിരുന്ന ചപ്പാത്ത് തകർന്നതാണ് വെള്ളവും ചെളിയും മെറ്റലും നിറഞ്ഞ് റോഡ് ഗതാഗത യോഗ്യമല്ലാതാകാൻ കാരണം. റോഡിന്റെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികൾ ചപ്പാത്തിൽ നിന്നുള്ള ജലമൊഴുക്കു തടഞ്ഞതും ചപ്പാത്തു നിർമ്മാണത്തിലെ അശാസ്ത്രീയതയും റോഡിന്റെ തകർച്ചയ്ക്ക് കാരണമാണ്. വെള്ളക്കെട്ടൊഴിവാക്കി ഗതാഗതം സുഗമമാക്കണമെന്നും ചപ്പാത്തിൽ കലുങ്കുനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിക്കാനൊരുങ്ങുകയാണ്.
നാഗരുകാവ് റോഡിൽ വെള്ളക്കെട്ടായിട്ട് ആറു മാസം കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ പതിവായി അപകടത്തിൽ പെടുകയാണ്. നീർച്ചാലുണ്ടാക്കി വെള്ളം ഒഴുക്കി വിടാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണം.
ഷിബു രാമചന്ദ്രൻ, പുത്തൻപുര.
(പ്രദേശവാസി, മാനേജിംഗ് കമ്മിറ്റിഅംഗം,
എസ്.എൻ.ഡി.പി യോഗം കട്ടയിൽ ശാഖ ).
ഈ റോഡിന്റെ ആദ്യ മെയിന്റനൻസ് 1982ൽ വില്ലേജ് റോഡ് മെയിന്റനൻസ് ഗ്രാന്റിൽ നിന്ന് 5000രൂപ ചെലവഴിച്ച് നടത്തിയ ആളാണ് ഞാൻ.അന്ന് മുതൽ ഏഴു വർഷം മുൻപ് വരെ ഈ റോഡിന് ഒരു തകരാറുമില്ലായിരുന്നു. അത് കഴിഞ്ഞുണ്ടായ കോൺട്രാക്ട് പണിയെ തുടർന്നാണ് റോഡിനു തകർച്ച ഉണ്ടായി തുടങ്ങിയത്. ചപ്പാത്തു റോഡ് പുനസ്ഥാപിച്ചു വെള്ളക്കെട്ട് ഒഴിവാക്കണം. സമീപത്തുള്ള വീട്ടുകാർ ജലമൊഴുകാത്ത വിധം തടസം സൃഷ്ടിച്ചിരിക്കുന്നതിലും നടപടിയുണ്ടാകണം.
കെ.സി.കലാധരൻ,
മുൻ കോൺട്രാക്ടർ
റോഡിന്റെ ദുരവസ്ഥ മാറ്റാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കണം. ആറ്റുവാരം ഭാഗത്ത് ചപ്പാത്ത് ഇല്ലാതായിട്ട് ഒരു വർഷമാകുന്നു. മുട്ടോളം ചെളിവെള്ളമാണ് അവിടെ കെട്ടിക്കിടക്കുന്നത്. അതിൽ വീണ് പരിക്കുപറ്റി കുട്ടികൾ സ്കൂളിൽ പോകാതെ തിരികെ പോകുന്നതും പതിവാണ്.ഓട്ടോ റിക്ഷാപോലും ഇതുവഴി കടന്നുവരാൻ മടിക്കുന്നു.
പഷ്പാംഗദൻ
(പൊതുപ്രവത്തകൻ).