 
പുനലൂർ: ആര്യങ്കാവ് പഞ്ചായത്ത് അംഗം പാർട്ടി മാറിയെങ്കിലും സ്ഥാനം രാജി വയ്ക്കാത്തതിൽ പ്രതിഷേധം. ആര്യങ്കാവ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിട്ടു. രണ്ടുമാസം മുമ്പ് നടന്ന ഉപ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം വീണ്ടും ബി.ജെ.പിയിൽ ചേർന്ന മാമ്പഴത്തറ സലീം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി അംഗങ്ങൾ കോൺഫറൻസ് ഹാളിലും നേതാക്കൾ ഹാളിന് പുറത്തും പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11നായിരുന്ന സംഭവം. മാമ്പഴത്തറ സലീം കോൺഫറൻസ് ഹാളിൽ കയറിയപ്പോൾ ഇടത് പഞ്ചായത്ത് അംഗമായ സാനുധർമ്മ രാജിന്റെ നേതൃത്വത്തിലുളള അംഗങ്ങൾ സലീം പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് തെന്മല പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാമ്പഴത്തറ സലീമിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് കമ്മിറ്റി കൂടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഇടത് അംഗങ്ങൾ ഉറച്ച് നിന്നതോടെ യോഗം പിരിച്ചുവിട്ടതായി പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് പറഞ്ഞു. നിലവിൽ യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. പത്ത് വർഷം മുമ്പ് സി.പി.എമ്മിൽ നിന്ന് രാജി വച്ച മാമ്പഴത്തറസലീം കോൺഗ്രസിൽ ചേർന്നിരുന്നു. സലീം പഞ്ചായത്ത് പ്രസിഡന്റുമായി. പിന്നീട് ബി.ജെ.പിയിൽ ചേർന്ന സലീം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വിജയിച്ചു. പിന്നീട് ബി.ജെ.പിയിൽ നിന്ന് രാജിവച്ച്, പഞ്ചായത്ത് അംഗത്വവും ഉപേക്ഷിച്ച് വീണ്ടും സി.പി.എമ്മിൽ ചേർന്നു. തുടർന്ന് കഴുതുരുട്ടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വീണ്ടും വിജയിച്ചു. എന്നാൽ മാസങ്ങൾക്ക് ശേഷം സലീം ബി.ജെ.പിയിലേക്ക് മടങ്ങി എന്നാൽ പഞ്ചായത്ത് അംഗത്വം രാജിവച്ചില്ല. ഇതാണ് ഇപ്പോൾ ഇടത് മുന്നണി നേതാക്കളെയും പഞ്ചായത്ത് അംഗങ്ങളെയും പ്രകോപിപ്പിച്ചത്. .ഇടത് മുന്നണിയിലെ പഞ്ചായത്ത് അംഗങ്ങളായ സീമ സന്തോഷ്, വിനിത ബിനു, മിനിമോൾ,ശാന്തകുമാരി എന്നിവർക്ക് പുറമെ ഇടത് നേതാക്കളായ അഡ്വ.പി.ബി.അനിൽമോൻ, സി.ചന്ദ്രൻ,നവമണി,രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.