കൊല്ലം: ഓണവിപണിയിലെ മായം പിടിക്കാൻ റെയ്ഡ് ശക്തമാക്കി
ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്ഥിരം പരിശോധനയ്ക്ക് പുറമേ ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധനയും ഊർജ്ജിതമാക്കി.
പഴകിയതും മായം കലർന്നതുമായ ഭക്ഷണ സാധനങ്ങളുടെ വില്പന തടയാനുള്ള ശ്രമത്തിലാണ് വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീതമുള്ള നാല് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 6 വരെ സ്ക്വാഡ് സ്ഥാപനങ്ങളിൽ പരിശോധന നടത്തും. ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ, ഓപ്പൺ മാർക്കറ്റുകൾ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും.
തമിഴ്നാട്ടിൽ നിന്നുള്ള പഴം, പച്ചക്കറി, മാംസം, പാൽ, മീൻ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധനകളും ശക്തമാക്കി. ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ലാബുകളും സജ്ജമാക്കും. തമിഴ്നാട്ടിൽ നിന്ന് വരുന്ന പാൽ പരിശോധിക്കാൻ ക്ഷീര വികസന വകുപ്പിന്റെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
മിൽക്ക് ടാങ്കറുകളിൽ നിന്ന് പാൽ സാമ്പിളുകൾ ശേഖരിച്ച് ക്ഷീര വികസന വകുപ്പിന്റെ ലബോറട്ടറിയിൽ പരിശോധിക്കും. ചെക്ക് പോസ്റ്റുകളിലെ മിന്നൽ പരിശോധന ആരംഭിച്ചു. കഴിഞ്ഞ 17ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഓണത്തോട് അടുത്ത ദിവസങ്ങളിൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഉണ്ടാവും.
2022 ജനുവരി മുതൽ
ആകെ പരിശോധന - 2524
നോട്ടീസ് നൽകിയത് - 467
ശേഖരിച്ച സാമ്പിളുകൾ - 2330
ഈടാക്കിയ പിഴ - ₹ 7,32,050
ബോധവത്കരണ ക്ളാസുകൾ - 118
പ്രസിക്യൂഷൻ കേസ് - 24
അഡ്ജുഡിക്കേഷൻ കേസ് - 39
ഓപ്പറേഷൻ മത്സ്യ
പരിശോധന - 578
മത്സ്യ സാമ്പിളുകൾ - 137
നശിപ്പിച്ചത് - 12,438 കിലോ ഗ്രാം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന കാരണം പഴകിയതും മായം ചേർത്തതുമായ ഭക്ഷ്യ വസ്തുക്കളുടെ വില്പന കുറഞ്ഞിട്ടുണ്ട്. ഓണത്തിന് പരിശോധന കർശനമാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.
എസ്. അജി,
ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ