
എഴുകോൺ: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുത്തൂർ തെക്കുംചേരി കലയത്ത് പടിഞ്ഞാറ്റെ പുത്തൻ വീട്ടിൽ സ്നെഞ്ജുവിനെയാണ് (30) കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഭർത്താവ് ഹരിലാൽ വിദേശത്താണ്. മകൾ അന്നപൂർണയും ഹരിലാലിന്റെ അച്ഛനമ്മമാരുമാണ് സ്നെഞ്ജുവിനൊപ്പം വീട്ടിലുള്ളത്. തിങ്കളാഴ്ച രാവിലെ മകളെ സ്കൂളിൽ എത്തിച്ചശേഷം മടങ്ങിവന്ന സ്നെഞ്ജു വൈകിട്ട് മകൾ മടങ്ങിയെത്തി വിളിച്ചിട്ടും കതക് തുറന്നില്ല. ഹരിലാലിന്റെ അച്ഛൻ അയൽവാസിയുടെ സഹായത്തോടെ കതക് വെട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം ഹരിലാലിന്റെ അമ്മ പുത്തൂരിലെ കടയിലായിരുന്നു. മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പുത്തൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.