കൊല്ലം: നെടുമ്പന സി.എച്ച്.സിക്ക് കീഴിലെ വട്ടവിള സബ് സെന്ററിൽ പത്ത് വയസിന്റെ വാക്സിനെടുത്തതിലെ പിഴവ് കാരണം മകൾ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ രക്ഷിതാക്കളുടെ സമരം.
പള്ളിമൺ സ്വദേശികളായ അമീർഖാനും ഭാര്യ സുൽഫത്തുമാണ് മകൾ ആഷികയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്തത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ ആഷികയുടെ കൈയിൽ നീരു വന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് ശസ്ത്രക്രിയയിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.
ഗുരുതരാവസ്ഥയിലായപ്പോൾ ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് സബ് സെന്ററിലെ ജീവനക്കാർ പറഞ്ഞെങ്കിലും പിന്നീട് പിന്മാറി. കടം വാങ്ങിയാണ് രക്ഷിതാക്കൾ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് നൽകിയ പരാതിയിൽ കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്താതെയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പരാതിക്കാർക്ക് നൽകാനും ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറായില്ല. പിന്നീട് കളക്ടർക്ക് പരാതി നൽകിയതോടെയാണ് കുറ്റക്കാരെ വെള്ളപൂശുന്ന റിപ്പോർട്ട് പുറത്തുവിട്ടതെന്ന് അമീർഖാനും ജസ്റ്റിസ് ഫോർ ആഷിക ആക്ഷൻ കൗൺസിൽ ഭാരവാഹികളും പറഞ്ഞു.
കുറ്റക്കാരെ വെള്ളപൂശുന്ന റിപ്പോർട്ട് അംഗീകരിക്കില്ല. തുടർ ചികിത്സ ചെലവ് സർക്കാർ വഹിക്കണം. ഇതുവരെ ചികിത്സയ്ക്ക് ചെലവായ തുക തിരികെ നൽകണമെന്നും സമഗ്രമായ പുനരന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു.
15 ദിവസത്തിനുള്ളിൽ പുനരന്വേഷണ റിപ്പോർട്ട് നൽകാമെന്ന ഡെപ്യുട്ടി ഡി.എം.ഒയുടെ ഉറപ്പിന്മേൽ അമീർഖാനും സുൽഫത്തും പിന്നീട് സമരം അവസാനിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ആഷിക് ബൈജു, അനീഷ്, ശ്രീദേവ്, റോയ്, റഹീം, ഷാനവാസ്ഖാൻ, ആഷിർ, അൻസാർ, അഷ്‌റഫ് ഖാൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു