
കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, മാരാകായുധം ഉപയോഗിച്ചുള്ള അക്രമം, മാനഭംഗപ്പെടുത്തൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ഇടപ്പാടം വയലിൽ തുണ്ട്പറമ്പിൽ വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായി. 2018 മുതൽ ഇതുവരെ ഏഴ് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഐ.വി. ആശ, സലീം, എ.എസ്.ഐ ഡാർവിൻ, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് അയച്ചു.