
കൊല്ലം: പരവൂർ കൂനയിൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം റോഡിന്റെ വശത്തിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന സംഘം ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പരവൂർ കൂനയിൽ തൊടിയിൽ വീട്ടിൽ മിഥുൻ (30, ഉണ്ണിക്കുട്ടൻ), ചരുവിളവീട്ടിൽ ബിനോജ് (30) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യപസംഘം ബൈക്കിൽ നിന്ന് താക്കോൽ ഊരിയെടുത്തതിനെ തുടർന്ന് ചോദ്യം ചെയ്ത വിനീതിനെ, മിഥുൻ വടികൊണ്ട് തലയിൽ ആഞ്ഞടിക്കുകയും ബിനോജ് ചവിട്ടിവീഴ്‌ത്തുകയും മറ്റുള്ളവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശ്, എസ്.സി.പി.ഒ റെനേഷ് ബാബു, സായ്‌റാം, അരുൺ എന്നിവരാണ് ഇവരെ പിടികൂടിയത്.