കൊല്ലം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മൊഴി നൽകാനായി ഇന്ന് കൊല്ലം പൊലീസ് ക്ലബിലെത്തും. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെയുള്ള പരാതിയിൽ മൊഴി നൽകാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും നവീൻകുമാറുമെത്തുന്നത്.

വിമാനത്തിൽവെച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വധിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ഇരുവരും കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മൊഴി നൽകുന്നത്. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ രണ്ട് തവണ വലിയതുറ പൊലീസ് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇവർ മറുപടി നൽകിയിരുന്നു. ഇതേ തുടർന്നാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് ക്ലബിന് ചുറ്റും വൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ. സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.