photo
നവീകരിച്ച പാണ്ടറ ചിറ

കൊല്ലം: പുത്തൂർ പാണ്ടറ ചിറയ്ക്ക് ശാപമോക്ഷം. ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ ചിറയുടെ നവീകരണം പൂർത്തിയായി. ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ചിറ നാടിന് സമർപ്പിക്കും. കൊട്ടാരക്കര- പുത്തൂർ റോഡരികിലായി നെടുവത്തൂർ പഞ്ചായത്തിലെ കരുവായം വാർഡിൽ സ്ഥിതി ചെയ്യുന്ന ചിറ വർഷങ്ങളായി പായലും കുറ്റിക്കാടുകളും മൂടി നാശത്തിലായിരുന്നു. കരവെള്ളമിറങ്ങിയും ചുറ്റുകെട്ടുകൾ ഇടിഞ്ഞുമൊക്കെ ചിറ നാശത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്ത് ചിറയുടെ നവീകരണം ഏറ്റെടുത്തത്.

31.40 ലക്ഷം രൂപയുടെ നവീകരണം

31.40 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറ നവീകരിച്ചത്. സോയിൽ കൺസർവേഷൻ ഓഫീസിനായിരുന്നു നിർമ്മാണ ചുമതല. ഇടക്ക് മഴ തടസമുണ്ടാക്കിയതടക്കം ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ചിറ വറ്റിച്ച് ചെളി നീക്കി സംരക്ഷണ ഭിത്തികൾ പുനർ നിർമ്മിച്ചു. വശങ്ങളിൽ ഗ്രില്ല് സ്ഥാപിച്ചു. കരവെള്ളം ചിറയിലേക്ക് ഇറങ്ങാത്തവിധം ഉയർത്തിക്കെട്ടി.ചുറ്റും ഇന്റർലോക്ക് പാകി നടപ്പാതയുമൊരുക്കി.

പാർക്ക് സ്ഥാപിക്കും

ചിറയുടെ പരിസരത്ത് സായന്തനങ്ങൾ ചെലവഴിക്കാൻ ഉതകുന്ന വിധത്തിൽ പാർക്ക് നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇരിപ്പിടങ്ങൾ സ്ഥാപിക്കും, ചെടികളും ലൈറ്റിംഗ് സംവിധാനങ്ങളും ഒരുക്കും.

സമർപ്പണ ചടങ്ങ്

ഇന്ന് വൈകിട്ട് 5.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നവീകരിച്ച ചിറ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് വി.സുമാലാൽ, സെക്രട്ടറി ബിനുൻ വാഹിദ്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി.എ.അനിത, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ലീലാമ്മ, വാർഡ് മെമ്പർ വി.വിദ്യ എന്നിവർ സംസാരിക്കും.