 
കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇളമ്പള്ളൂർ മുതൽ കുണ്ടറ പള്ളിമുക്ക് വരെയുള്ള ഗതാഗതസ്തംഭനം പരിഹരിക്കാനുള്ള പദ്ധതികൾ വൈകുന്നതിൽ പ്രതിഷേധം കനക്കുന്നു. ദേശീയപാതയുടെ വീതി കൂട്ടൽ, അനധികൃത കൈയേറ്റങ്ങളുടെ ഒഴിപ്പിക്കൽ, ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് എന്നിവിടങ്ങളിലെ ആർ.ഒ.ബി നിർമ്മാണം എന്നിവ ഇഴയുന്നതിലാണ് പ്രതിഷേധം.
ദേശീയപാത വീതികൂട്ടാനുള്ള ആലോചനകൾക്ക് രണ്ട് പതിറ്രാണ്ടിലേറെ പഴക്കമുണ്ടെങ്കിലും കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഇടയ്ക്കിടെ റോഡുവക്കിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും കൈയടക്കുന്നതുമാണ് ഇപ്പോൾ നടക്കുന്നത്.
സ്ഥലമേറ്റെടുക്കലിന്റെ വക്കോളമെത്തിയ ഇളമ്പള്ളൂർ, പള്ളിമുക്ക് ആർ.ഒ.ബികളുടെ നിർമ്മാണവും ഇപ്പോൾ പ്രതിസന്ധിയിലാണ്. ദേശീയപാതയിൽ കുണ്ടറയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾ ചുവപ്പ് നാടയിൽ കുരുങ്ങുമ്പോൾ നാട്ടുകാർ നട്ടം തിരിയുകയാണ്.
പഞ്ചായത്ത് യോഗം ഇന്ന്
ദേശീയപാതയിൽ ഇളമ്പള്ളൂർ മുതൽ കുണ്ടറ ആറുമുറിക്കട വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഇളമ്പള്ളൂർ പഞ്ചായത്ത് ഇന്ന്
യോഗം വിളിച്ചിട്ടുണ്ട്. പൊലീസ്, വ്യാപാരി പ്രതിനിധികൾ, റസിഡന്റ്സ് അസോ. ഭാരവാഹികൾ, പൊതുമരാമത്ത്- ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള പറഞ്ഞു.
കൂടുതൽ പൊലീസിനെ വിന്യസിക്കും
ഓണം പ്രമാണിച്ച് ഗതാഗതക്കുരുക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് കുണ്ടറ സി.ഐ മഞ്ജുലാൽ പറഞ്ഞു. ഇതിനായി കൂടുതൽ സേനാംഗങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത പാർക്കിംഗുകൾ ഒഴിവാക്കും. ട്രാഫിക് കമ്മിറ്റി ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലെവൽക്രോസുകളാണ് ഏറ്റവും വലിയ പ്രശ്നം. തിരക്കേറിയ സമയങ്ങളിൽ ഒരു മണിക്കൂർ വരെയാണ് ഗതാഗതം സ്തംഭിക്കുന്നത്. ഗേറ്റ് തുറക്കുമ്പോൾ അപകടങ്ങളും പതിവാണ്. കഴിഞ്ഞ ദിവസവും ഒരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. എത്രയും വേഗം ആർ.ഒ.ബികൾ യാഥാർത്ഥ്യമാക്കണം.
പ്രിൻസ് സത്യൻ, എസ്.എൻ.ഡി.പി യോഗം
കുണ്ടറ യൂണിയൻ കൗൺസിലർ
കുണ്ടറയിലെ ഗതാഗത കുരുക്ക് പലതവണ നിയമസഭയിൽ ഉന്നയിച്ചു. ഇള്ളമ്പള്ളൂരിലും പള്ളിമുക്കിലും മേൽപ്പാലം നിർമ്മിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. പള്ളിമുക്ക് ആർ.ഒ.ബിക്ക് നേരത്തെ തന്നെ റെയിൽവേയുടെ അനുമതി ലഭിച്ചതാണ്. സംസ്ഥാന സർക്കാർ ഭരണാനുമതിയും നൽകിയിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ 400 കോടിയുടെ വിപുലമായ പദ്ധതി തയ്യാറാക്കിയതോടെ ആർ.ഒ.ബി നിർമ്മാണം പ്രതിസന്ധിയിലായി. പിന്നീട് കഴിഞ്ഞ ബഡ്ജറ്റിൽ കൊല്ലം- തിരുമംഗലം പാതയുടെ അടക്കം വികസനത്തിനായി 1000 കോടി വകയിരുത്തി. അനുദിനം കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ പദ്ധതികൾക്കായി കാത്തിരിക്കാനാകില്ല. അക്കാര്യം കഴിഞ്ഞ നിയമസഭാസമ്മേളനത്തിലും ഉന്നയിച്ചിരുന്നു. പൊതുമരാമത്ത്, റെയിൽവേ, ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ യോഗം എത്രയും വേഗം വിളിക്കണം.
പി.സി. വിഷ്ണുനാഥ് എം.എൽ.എ