കൊല്ലം: ഇത്തവണത്തെ ഗണേശോത്സവത്തിന് 28ന് രാവിലെ 8 ന് കൊല്ലം ആശ്രാമം മുനീശ്വരക്ഷേത്ര സന്നിധിയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും
എം.നൗഷാദ് എം.എൽ.എയും ചേർന്ന് മിഴി തുറക്കും. അഡ്വ. ബിന്ദുകൃഷ്ണയും ഫാദർ സി.ഇ സുനിലും ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.
അന്നേദിവസം മുതൽ സെപ്റ്റംബർ 2 വരെ പൂജാദി കർമ്മങ്ങൾ നടക്കും. തുടർന്ന് 3ന് വൈകുന്നേരം 4 ന് മുനീശ്വര ക്ഷേത്രസന്നിധിയിൽ നിന്ന് പഞ്ചവാദ്യം, പൂക്കാവടി, വാദ്യമേളം എന്നിവയുടെയും നിശ്ചല ദൃശ്യങ്ങളോടുകൂടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം ഗണേശ വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നഗരം വലം വച്ച്
കൊല്ലം ബീച്ചിലെത്തും. 1001 നാളികേരത്തിന്റെ ഗണപതി ഹോമത്തെത്തുടർന്ന് ബീച്ചിൽ നിമജ്ജനം ചെയ്ത് ഗണേശോത്സവത്തിന് പരിസമാപ്തി കുറിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് പെൺകുട്ടികൾക്ക് സ്വർണവും ധനവും നൽകി നവംബറിൽ വിവാഹം നടത്തിക്കൊടുക്കാനും
തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ട്രസ്റ്റ് ചെയർമാൻ ആർ.പ്രകാശൻപിള്ള, വൈസ് ചെയർമാൻ എസ്.അശോക് കുമാർ, ട്രഷറർ മോഹൻകുമാർ, ശാന്താലയംശശികുമാർ, അനുദാസ്, സുജിൻ, വിനു, കാർത്തിക്ക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.