nh-
ദേശീയ പാതയിൽ നീണ്ടകര ചീലാന്തി മൂട്ടിൽ ഇന്നലെ കുഴിയടപ്പു നടത്തുന്നവർ

ചവറ : ദേശീയപാതയിൽ പലയിടങ്ങളിലും കുഴിയടയ്ക്കൽ വെറും പ്രഹസനമായി മാറുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ ശക്തമായ മഴയത്തും ദേശീയപാതയിൽ കുഴിയടക്കുന്നത് അപകടങ്ങളൊഴിവാക്കാനല്ല ആളുകളെ പറ്റിക്കാനാണെന്ന് നാട്ടുകാ‌ർ പറയുന്നു. മഴ പെയ്ത് റോഡിൽ തളം കെട്ടിയ വെള്ളത്തിലാണ് കുഴിയടപ്പ് നടത്തുന്നത്. മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ദേശീയ പാതയിൽ ഈ രീതിയിലുള്ള കുഴിയടപ്പ് ഏറിയാൽ രണ്ടു ദിവസത്തേക്ക് മാത്രം നിലനിന്നേക്കാം.

ജീവന് വിലയില്ലേ
കഴിഞ്ഞ 3 മാസത്തിനടയിൽ കാവനാടിനും ചവറയും ഇടയിൽ ഒരു ഡസനിലധികം ആളുകളുടെ
ജീവനാണ് കവർന്നത്. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള വരെ രക്തസാക്ഷിയായി. ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത തരത്തിലുളള ദേശീയപാത അധികൃതരുടെ നിലപാടിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

കുഴിയടപ്പ് തോന്നിയപടി

ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ മിക്കതും അന്യ സംസ്ഥാനക്കാരാണ്. ഇവർ തോന്നിയപടിയാണ് കുഴിയടയ്ക്കുന്നത്. ദേശീയപാതയിൽ അപകടങ്ങൾ പെരുകാൻ കാരണവും ദേശീയപാതയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയാണ്. കുഴിയടയ്ക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് അധികൃതർ കുഴിയടപ്പ് നാടകം നടത്തുന്നത്.