light

കൊല്ലം: നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും ഓണത്തിന് മുമ്പേ തെളിക്കുമെന്നും അതിന് ശേഷം കേടാകുന്നവ 48 മണിക്കൂറിനകം നന്നാക്കിയില്ലെങ്കിൽ കരാറുകാരന് പിഴ ചുമത്തുമെന്നും മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൗൺസിൽ യോഗത്തിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മേയർ.

പുതിയ തെരുവുവിളക്ക് കരാറിൽ പരിപാലനത്തിന് ആറ് വാഹനങ്ങൾ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വച്ചിട്ടുണ്ട്. ഇവ പല മേഖലകളിലേക്ക് ഒരോ ദിവസവും പോകും. അടിയന്തിര ഘട്ടങ്ങളിലെ ആവശ്യത്തിന് ഒരു വാഹനം കൂടി അധികമായി ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ട്. ഈ കരാർ 26ന് ഒപ്പിടും. ഇതിന് പുറമേ എല്ലാ ഡിവിഷനുകളിലും നൂറ് എൽ.ഇ.ഡി ലൈറ്റുകളിടാനുള്ള ഒരു കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 15 മിനി ഹൈമാസ്റ്റുകളും സ്ഥാപിക്കും. കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ സ്ട്രീറ്റ് മെയിൻ ലൈൻ സ്ഥാപിക്കാൻ ഓരോ ഡിവിഷനും ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മേയർ പറഞ്ഞു.

തീരങ്ങളിലെ മാലിന്യം നീക്കി

അത്തപ്പൂക്കളം തീർക്കും

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയിൽ കോർപ്പറേഷനിലെ തീരദേശം മുഴുവൻ മാലിന്യ മുക്തമാക്കും. 30 ന് തീരദേശത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്ത് 31ന് തീരദേശത്ത് പൂക്കളമൊരുക്കും. ഇതിനായി 14 തീരദേശ ഡിവിഷനുകളിലും സ്ഥിരം സമിതി അദ്ധ്യക്ഷരുടെയും കൗൺസിലർമാരുടെ നേതൃത്വത്തിൽ കർമ്മസമിതികൾ രൂപീകരിച്ചു. 336 അയൽക്കൂട്ടങ്ങൾ ഉൾപ്പടെ മുഴുവൻ ജനങ്ങളും പദ്ധതിയുമായി സഹകരിക്കും. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് തീരദേശത്തെ 11 എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റുകളും പ്രവർത്തനസജ്ജമാക്കും.

മികച്ച പൂക്കളത്തിന് സമ്മാനം


മുഴുവൻ ഡിവിഷനിലും വഴിയോരത്തെ കാടും പടലും ചെത്തിമിനുക്കി മാലിന്യം നീക്കം ചെയ്യുന്നതിനുമായി ദിവസ വേതനത്തിൽ 140 ജീവനക്കാരെ നിയോഗിച്ചു. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ ശുചീകരിച്ച് ഓണത്തിന് പൂക്കളമൊരുക്കും. മികച്ച പൂക്കളത്തിന് സമ്മാനമുണ്ടാകും. ഓരോ ഡിവിഷനിലും ശുചിയാക്കേണ്ട സ്ഥലങ്ങൾ കൗൺസിലർമാർ എഴുതി നൽകണം

തീപിടുത്തത്തിൽ തീ പിടിച്ചചർച്ച

മേയറുടെ കാബിനിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തം സംശയാസ്പദമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. കാബിനിൽ തീപിടിച്ച ദിവസം തന്നെ മേയർ തിരുവനന്തപുരത്തേക്ക് പോയത് ദൂരൂഹത വർദ്ധിപ്പിക്കുന്നതായും ഗിരീഷ് പറഞ്ഞു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷനായ ഉദയകുമാർ പറഞ്ഞു. എന്നാൽ സമഗ്രമായ അന്വേഷണം വേണമെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും സ്ഥിരം സമിതി അദ്ധ്യക്ഷയായ ഹണി ബഞ്ചമിൻ പറഞ്ഞു. ഹണി ബ‌ഞ്ചമിന്റെ അഭിപ്രായം തങ്ങളുടെ വാദത്തെ ശരിവയ്ക്കുന്നതാണെന്ന് പറഞ്ഞ് ടി.ജി. ഗിരീഷ് വീണ്ടും എഴുന്നേറ്റതോടെ മേയർ ഇടപെട്ടു. തീപിടുത്തത്തെക്കുറിച്ച് പൊലീസും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റും അന്വേഷണം നടത്തിവരികയാണെന്ന് മേയർ പറഞ്ഞു. സി.ഐ ഇന്നലെയും പരിശോധിച്ചു. കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനമെന്നും അവർ പറഞ്ഞു.

ഓണസമ്മാനമായി

482 ചെറുപ്പക്കാർക്ക് ജോലി

ബിടെക്, പോളിടെക്‌നിക്, ഐടി ഐ പഠനം പൂർത്തിയായവർക്ക് ഇൻന്റേൻഷിപ്പിന് അവസരം നൽകുന്ന സ്‌കിൽടെക്, നഴ്‌സിംഗ് പഠനം കഴിഞ്ഞവർക്ക് ഇൻന്റേൻഷിപ്പ് നൽകുന്ന ദീപം പദ്ധതികൾ സെപ്തംബർ 4ന് തുടങ്ങും.സ്‌കിൽ ടെക്കിൽ 417 പേരെയും ദീപത്തിൽ 65 പേരെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ഉദയകുമാർ, എസ്.ജയൻ, യു.പവിത്ര, ഹണിബഞ്ചമിൻ, എസ്. ഗീതാകുമാരി എന്നിവർ സംസാരിച്ചു. അംഗങ്ങളായ സ്റ്റാൻലി, സന്തോഷ്, പ്രിയദർശൻ, ഗിരീഷ്,പുഷ്പാംഗദൻ, നൗഷാദ്, സജീവ്‌സോമൻ, ബി. ഷൈലജ, സ്വർണ്ണമ്മ,നിസാമുദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മേയറുടെ കാബിൻ അസി. സെക്രട്ടറിയുടെ മുറി

തീപിടുത്തത്തെ തുടർന്ന് മേയറുടെ കാബിൻ അസി. സെക്രട്ടറിയുടെ ഓഫീസ് മുറിയിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയായ ശേഷമേ കാബിന്റെ അറ്റകുറ്റപ്പണി ആരംഭിക്കു. അസി. സെക്രട്ടറിക്ക് അസി. എക്സിക്യുട്ടീവ് എൻജിനീയർ ഉപയോഗിച്ചിരുന്ന ഓഫീസ് മുറി നൽകി.