railway
പോളയത്തോട് റെയിൽവേ ലെവൽ ക്രോസ്

കൊല്ലം: പോളയത്തോട് റെയിൽവേ ലെവൽ ക്രോസിൽ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയവും പൊളിച്ചുനീക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കലും വൈകാതെ ആരംഭിക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരുടെ പരാതികൾ കേട്ട ശേഷമാകും വിലനിർണയത്തിലേക്ക് കടക്കുക. ഒരു വർഷത്തിനുള്ളിൽ നഷ്ട പരിഹാരം വിതരണം ചെയ്ത് നിർമ്മാണത്തിലേക്ക് കടക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലെത്തുമ്പോൾ തന്നെ ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ടെണ്ടർ നടപടികളും തുടങ്ങും. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനുള്ള സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനാണ് (കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) പാലത്തിന്റെ നിർമ്മാണ ചുമതല. റെയിൽവേയുടെ അനുമതി ലഭിക്കലാണ് ആ.ഒ.ബി നിർമ്മാണത്തിലെ പ്രധാന കടമ്പ. ഇത് മൂന്ന് മാസം മുമ്പ് ലഭിച്ചിരുന്നു. സാമൂഹ്യ പ്രത്യാഘാത പഠനവും പൂർത്തിയായിട്ടുണ്ട്.

അപ്രോച്ച് റോഡ് സഹിതം 350 മീറ്ററാണ് മേൽപ്പാലത്തിന്റെ നീളം. 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽവേ ലൈനിന് മുകളിലുള്ള ഭാഗത്ത് 12 മീറ്ററും ബാക്കി സ്ഥലങ്ങളിൽ 10.5 മീറ്ററുമാകും പാലത്തിന്റെ വീതി. പാലത്തിന് മുകളിലുള്ള ഭാഗത്ത് രണ്ട് വശങ്ങളിലും നടപ്പാതയും തുടർന്ന് താഴേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും. പാലം നിർമ്മാണത്തിന്റെ ചെലവ് സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായി വഹിക്കും. സ്ഥലം ഏറ്റെടുപ്പിനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എൽ ഓവർബ്രിഡ്ജ് നിർമ്മാണം ടെണ്ടർ ചെയ്യാനുള്ള രേഖകളെല്ലാം തയ്യാറാക്കിയിട്ടുണ്ട്. നടപടികൾ വൈകുന്നത് അനുസരിച്ച് കരാർ തുക നിലവിലെ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ ഉയരാൻ സാദ്ധ്യതയുണ്ട്.

കുരുക്കിൽ നിന്ന് മോചനം

പുതിയ മേൽപ്പാലം വരുന്നത് പോളയത്തോട് നിവാസികൾക്ക് പുറമെ പള്ളിമുക്ക് മുതൽ എസ്.എൻ കോളേജ് ജംഗ്ഷൻ വരെ റെയിൽവേ ഗേറ്റിന് അപ്പുറം താമസിക്കുന്ന പതിനായിരങ്ങൾക്ക് ഗുണം ചെയ്യും. ട്രെയിനുകൾ കടന്നുപോകുമ്പോൾ പോളയത്തോട് ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. അത്യാസന്ന നിലയിലുള്ളവരെ ആശുപത്രിയിലെത്തിക്കാൻ കിലോ മീറ്രറുകളോളം ഇടറോഡിലൂടെ ചുറ്റിക്കറങ്ങിയാലേ ദേശീയപാതയിൽ എത്താനാകൂ. ഭരണിക്കാവ്, കപ്പലണ്ടിമുക്ക്, എസ്.എൻ കോളേജ് ലെവൽക്രോസുകൾ അടയുമ്പോഴും വാഹനയാത്രക്കാർക്ക് പോളയത്തോട് ഓവർബ്രിഡ്ജിനെ ആശ്രയിക്കാം.

 പോളയത്തോട് മേല്പാലം

ചെലവ്: 30 കോടി രൂപ

നീളം : 350 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)

വീതി : 12 മുതൽ 10.5 മീറ്റർ വരെ